ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അന്തരിച്ചു

മാര്‍ത്തോമ സഭാതലവന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത (90) കാലം ചെയ്തു. വാര്‍ധക്യ സഹജമായ അസുഖത്തെ തുര്‍ന്നായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ തിരുല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

പാൻക്രിയാസ് കാൻസറിനെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ മെത്രാപ്പൊലീത്ത ഏതാനും ദിവസങ്ങളായി തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഒരാഴ്ചയായി ആരോഗ്യ സ്ഥിതി തീർത്തും മോശമായിരുന്നു. മെത്രാപ്പൊലീത്തയുടെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച തൈലാഭിഷേക ശുശ്രൂഷ നടന്നിരുന്നു.

1999-ല്‍ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി. 2007 മുതല്‍ പതിമൂന്ന് വര്‍ഷം മാര്‍ത്തോമ സഭയെ നയിച്ചു. മാരമണ്‍ കണ്‍വെന്‍ഷന്റെ മുഖ്യ സംഘാടകനായിരുന്നു. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ പിന്‍ഗാമിയായിരുന്നു.

1931 ജൂണ്‍ 27-നാണ് ജനനം. പി.ടി.ജോസഫെന്നായിരുന്നു ആദ്യ കാല പേര്. 1957-ലാണ് വൈദികനായി സഭാ ശുശ്രൂഷയില്‍ പ്രവേശിച്ചത്. 1975 ഫെബ്രുവരിയില്‍ ജോസഫ് മാര്‍ ഐറേനിയോസ് എന്ന പേരില്‍ മെത്രാപ്പൊലീത്തയായി.