'രാജ്യത്ത്‌ നാഗ്‌പുര്‍ മോഡല്‍ ഭരണത്തിന്‌ കേന്ദ്രം ശ്രമിക്കുന്നു'; പൗരത്വ നിയമത്തില്‍ മോദിയെ തുറന്ന സംവാദത്തിന് ക്ഷണിച്ച് ജിഗ്നേഷ് മേവാനി

രാജ്യത്ത്‌ നാഗ്‌പുര്‍ മോഡല്‍ നടപ്പാക്കാനാണു പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്‌ഷായും ചേര്‍ന്നു ശ്രമിക്കുന്നതെന്നു മനുഷ്യാവകാശ പ്രവര്‍ത്തകനും ഗുജറാത്ത്‌ എം.എല്‍.എയുമായ ജിഗ്നേഷ്‌ മേവാനി. ഷാഹിന്‍ബാഗിലടക്കം നടക്കുന്ന സമരങ്ങളെ മോശമായി ചിത്രീകരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. പൌരത്വ ഭേദഗതി നിയമത്തില്‍  നരേന്ദ്ര മേദിയെ തുറന്ന സംവാദത്തിന് ക്ഷണിക്കുന്നതായും  ജിഗ്നേഷ് മേവാനി പറഞ്ഞു. തൃശൂരില്‍ ഭരണഘടന സംരക്ഷണ സമിതി നടത്തിയ സംരക്ഷണ വലയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്‌ട്രീയമാണ്‌ ആര്‍.എസ്‌.എസിന്റേത്‌. സമരം ചെയ്യുന്നവരെ മുഴുവന്‍ ജിഹാദി മുദ്രചാര്‍ത്താനാണു മോഡി-അമിത്‌ഷാ കൂട്ടുകെട്ട്‌ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുസ്‌ലിം സ്‌ത്രീകള്‍ സഹോദരിമാരാണെന്നു പറഞ്ഞിരുന്ന പ്രധാനമന്ത്രിക്ക്‌ എന്തുകൊണ്ട്‌ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന ആയിരക്കണക്കിന്‌ വരുന്ന സ്‌ത്രീകളെ കേള്‍ക്കുന്ന സഹോദരനാകാന്‍ സാധിക്കുന്നില്ലെന്ന്‌ അദ്ദേഹം ചോദിച്ചു.

പൗരത്വ നിയമത്തിനെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയുമായിരുന്നു തൃശ്ശൂരിൽ സംരക്ഷണവലയം തീർത്തത്. ജില്ലയിലെ വിവിധ മത സംഘടനകളുടെ നേതൃത്വത്തിൽ രൂപികരിച്ച ഭരണഘടന സംരക്ഷണ സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖ് അലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. ജിഗ്നേഷ് മേവാനി മുഖ്യ അത്ഥിയായിരുന്നു. ഗുജറാത്തിലെ നിയമസഭ പൌരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് പ്രമേയം പാസാക്കിയപ്പോള്‍ കേരള സര്‍ക്കാര്‍ നിയമത്തെ എതിര്‍ത്ത് പ്രമേയം പാസാക്കി. ഇതാണ് കേരളവും ഗുജറാത്തും തമ്മിലുള്ള വ്യത്യാസമെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു.

നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് റാലിയായെത്തിയ നിരവധി പേർ സ്വരാജ് റൗണ്ടിൽ വലയം തീർത്തു. ടി.എൻ പ്രതാപൻ എം.പി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡോ. ബഹാഉദ്ദീന്‍ നദ്‍വി കൂരിയാട്, ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി ,ഓണമ്പിള്ളി മുഹമ്മദ് ഫൈസി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.