'ഗാന്ധിയും നെഹ്‌റുവും ജയിലില്‍ കിടന്നിട്ടില്ലേ'; നിയമസഭാ കൈയാങ്കളി കേസില്‍ ജയരാജന്‍ കോടതിയില്‍ ഹാജരായി

നിയമസഭ കൈയാങ്കളി കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കോടതിയില്‍ ഹാജരായി. ജയരാജനെ തിരുവനന്തപുരം സിജെഎം ഇന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കേസിലെ മൂന്നാം പ്രതിയാണ് ജയരാജന്‍. കുറ്റപത്രം വായിച്ചു കേട്ട ശേഷം മറുപടി നല്‍കുമെന്നും കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നും ജയരാജന്‍ പറഞ്ഞു.

നിയമസഭയെ അവഹേളിച്ചത് യുഡിഎഫാണ്. നിയമസഭയ്ക്ക് യോജിക്കാത്ത രീതിയിലുള്ള പെരുമാറ്റം ഭരണപക്ഷത്ത് നിന്നുണ്ടായി. അത് കോടതിയെ ബോധ്യപ്പെടുത്തും. മഹാത്മാ ഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പോരാടിയ നേതാവായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു, ദേശീയ നേതാക്കള്‍ തുടങ്ങി പലരും ഭരണരംഗത്ത് നില്‍ക്കുമ്പോള്‍ തന്നെ കോടതിയിലും കേസിലുമൊക്കെ പെട്ടിട്ടുണ്ട്.

ഇഎംഎസിനെ ശിക്ഷിച്ചിട്ടില്ലേ. അതൊക്കെ സാധാരണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നേരെ ഒട്ടനവധി കേസുകളുണ്ടാകും. അത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായുണ്ടാകുന്നതാണ്. അതിനെ രാഷ്ട്രീയമായി കണ്ട് സമീപിക്കുക എന്നതാണ് പൊതുവേ രാഷ്ട്രീക്കാര്‍ ചെയ്യാറുള്ളത്. പൊതുവേ ഇടതുപക്ഷക്കാര്‍’ ജയരാജന്‍ പറഞ്ഞു

കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. പക്ഷെ അന്ന് ജയരാജന്‍ അസുഖ കാരണം ചൂണ്ടികാട്ടി ഹാജരായിരുന്നില്ല. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്ന് ജയരാജന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Read more

 കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ നിയമസഭയിലെ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. കേസിന്‍റെ വിചാരണ തിയതിയും കോടതി ഇന്ന് തീരുമാനിക്കും.കേസിലെ പ്രധാന തെളിവായ കൈയാങ്കളിയുടെ ദൃശ്യങ്ങളുടെ പകര്‍പ്പും പ്രതിഭാഗത്തിന് കൈമാറാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.