സിപിഎമ്മിന് ജമാഅത്തെ ഫോബിയ: എം ഐ അബ്ദുല്‍ അസീസ്

സിപിഎമ്മിന് ജമാഅത്തെ ഫോബിയയെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം ഐ അബ്ദുല്‍ അസീസ്. തങ്ങളെ എതിർക്കുന്നവരിലെല്ലാം ജമാഅത്തിന്റെ ആത്മാവിനെ കാണുന്ന അവസ്ഥയിലാണ് സിപിഎം ഇന്നുള്ളതെന്നും അമീർ പറഞ്ഞു. 2022 മെയില്‍ നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ പ്രഖ്യാപന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളെ പിന്തുണക്കാതായതോടെ ജമാഅത്തെ ഇസ്‍ലാമിയില്‍ വർഗീയത കാണുകയാണ് സിപിഎമ്മെന്ന് എം ഐ അബ്ദുല്‍ അസീസ് കുറ്റപ്പെടുത്തി. ജമാഅത്ത് വിമർശം ജമാഅത്ത് ഫോബിയയിലേക്ക് വഴിമാറുന്നതാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സോളിഡാരിറ്റിയുടെ സംസ്ഥാന സമ്മേളന പ്രഖ്യാപനവും എം ഐ അബ്ദുല്‍ അസീസ് നിർവഹിച്ചതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു. വിശ്വാസത്തിന്റെ അഭിമാനസാക്ഷ്യം- വിമോചനത്തിന്റെ പാരമ്പര്യം എന്ന പ്രമേയത്തിൽ 2022 മെയ് 21,22 തിയതികളില്‍ എറണാകുളത്താണ് സംസ്ഥാന സമ്മേളനം. പ്രഖ്യാപന സമ്മേളനം പൗരത്വ പ്രക്ഷോഭ നേതാവും പണ്ഡിതനുമായ മൗലാന താഹിർ മദനി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള അധ്യക്ഷത വഹിച്ചു. പ്രഖ്യാപന സമ്മേളനത്തിന്റെ മുന്നോടിയായി കണ്ണൂർ നഗരത്തിൽ യുവജന റാലിയും നടന്നു.