സമുദായത്തെ ഭിന്നിപ്പിച്ച് തമ്മില്‍ അടിപ്പിക്കുന്ന കുതന്ത്രമാണ് ജലീൽ നടത്തിപ്പോരുന്നത്: ഫാത്തിമ തഹ്​ലിയ

വഖഫ്​ ബോർഡ്​ നിയമനങ്ങൾ പി.എസ്​.സിക്ക്​ വിടുന്നതുമായി ബന്ധപ്പെട്ട കെ.ടി ജലീൽ എം.എൽ.എയുടെ അഭിപ്രായപ്രകടനങ്ങൾക്കെതിരെ​ രൂക്ഷവിർശനവുമായി എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്​ലിയ. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരന്റെയും സംഘപരിവാർകാരന്റെയും അതെ തന്ത്രമാണ് കെ.ടി ജലീൽ പയറ്റുന്നത്. എന്ന് ഫാത്തിമ തഹ്​ലിയ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വിഭിന്നമായ ആദർശങ്ങൾ ഉൾക്കൊള്ളുന്ന വിവിധ മുസ്ലിം സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടെയാണ് മുസ്ലിം ലീഗ് പ്രവർത്തിക്കുന്നതെങ്കിൽ മുസ്ലിം സമുദായത്തെ സുന്നി – സുന്നിയിതര എന്ന രീതിയിൽ ഭിന്നിപ്പിച്ച് പരസ്പരം തമ്മിലടിപ്പിക്കുന്ന കുതന്ത്രമാണ് കെ.ടി ജലീൽ നടത്തിപ്പോരുന്നത്. ലീഗ് വിരോധത്തിന് അപ്പുറത്തേക്ക് യാതൊരു രാഷ്ട്രീയവും പറയാനില്ലാത്ത കെ ടി ജലീൽ സമുദായത്തിന് ബാദ്ധ്യതയായി മാറുകയാണ് എന്നും ഫാത്തിമ തഹ്​ലിയ അഭിപ്രായപ്പെട്ടു.

സമസ്തയിലെ തന്നെ മുസ്ലിം ലീഗ് അനുകൂലികളായ രണ്ടാം നിര നേതാക്കള്‍ മുതിര്‍ന്ന നേതാക്കളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. നിജസ്ഥിതി ബോദ്ധ്യപ്പെടുത്തുക എന്നതാണ് പ്രധാനം എന്നതായിരുന്നു വിഷയത്തില്‍ കെ.ടി ജലീല്‍ പ്രതികരിച്ചിരുന്നത്. അതേസമയം, വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഒരു തരത്തിലുമുള്ള വാശിയില്ലെന്നും വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമസ്ത നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വഖഫ് ബോര്‍ഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട മുസ്ലിം ലീഗിന്റെ സമര പ്രഖ്യാപനങ്ങളെ പിന്തള്ളി സമസ്​ത നേതാക്കൾ സമരത്തിൽനിന്ന്​ പിൻമാറിയതിനെ പരിഹസിച്ച്​ ജലീൽ പലതവണ രംഗത്തു വന്നിരുന്നു.

തഹ്​ലിയയുടെ കുറിപ്പിന്റെ പൂർണരൂപം:

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരന്റെയും സംഘപരിവാർകാരന്റെയും അതെ തന്ത്രമാണ് കെ.ടി ജലീൽ പയറ്റുന്നത്. വിഭിന്നമായ ആദർശങ്ങൾ ഉൾക്കൊള്ളുന്ന വിവിധ മുസ്ലീം സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടെയാണ് മുസ്ലിം ലീഗ് പ്രവർത്തിക്കുന്നതെങ്കിൽ മുസ്ലിം സമുദായത്തെ സുന്നി – സുന്നിയിതര എന്ന രീതിയിൽ ഭിന്നിപ്പിച്ച് പരസ്പരം തമ്മിലടിപ്പിക്കുന്ന കുതന്ത്രമാണ് കെ.ടി ജലീൽ നടത്തിപ്പോരുന്നത്. ലീഗ് വിരോധത്തിന് അപ്പുറത്തേക്ക് യാതൊരു രാഷ്ട്രീയവും പറയാനില്ലാത്ത കെ ടി ജലീൽ സമുദായത്തിന് ബാധ്യതയായി മാറുകയാണ്.