'നേമം മണ്ഡലത്തിലെ കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം' വി. ശിവന്‍കുട്ടി

ബിജെപിയെ നിയമസഭയില്‍ എത്തിച്ച നേമം മണ്ഡലം എല്‍ഡിഎഫ് തിരിച്ചുപിടച്ചിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ ബിജെപിയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നേമം മണ്ഡലത്തിലെ കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം എന്നാണ് അദ്ദേഹം കുറിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി ശിവന്‍കുട്ടിയിലൂടെയാണ് സിപിഎം നേമം തിരിച്ചുപിടിച്ചത്. ഈ ദിവസത്തെ ഓര്‍മ്മിച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. 2016ല്‍ ബിജെപി അക്കൗണ്ട് തുറന്ന നേമം ഏറെ ശ്രദ്ധ നേടിയിരുന്ന മണ്ഡലമാണ്. കടുത്ത ത്രികോണ മത്സരത്തിലൂടെയാണ് വി ശിവന്‍കുട്ടി മണ്ഡലം പിടിച്ചെടുത്തത്. ബിജെപിക്ക് വേണ്ടി കുമ്മനം രാജശേഖനും യുഡിഎഫിന് വേണ്ടി കെ മുരളീധരനുമായിരുന്നു മത്സരിച്ചത്.

2011ല്‍ ശിവന്‍കുട്ടിയായിരുന്നു നേമത്ത് ജയിച്ചത്. 2016ല്‍ ഒ രാജഗോപാലിനോട് 8,671 വോട്ടിന് ശിവന്‍കുട്ടി പരാജയപ്പെട്ടു. പിന്നാലെ 2021ല്‍ വീണ്ടും മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു.