സ്വന്തം കാശില്‍ ടിക്കറ്റ് എടുത്ത് വരുന്ന പ്രവാസികള്‍ക്ക് ഭക്ഷണം നല്‍കുന്നതാണോ ധൂര്‍ത്ത്; ആക്ഷേപങ്ങളില്‍ പ്രതികരിച്ച് എം.എ യൂസഫലി

ലോകകേരള സഭയില്‍ ധൂര്‍ത്താണ് നടക്കുന്നതെന്ന് ആരോപണങ്ങളോട് പ്രതികരിച്ച് പ്രമുഖ വ്യവസായി എംഎ യൂസഫലി. പ്രവാസികള്‍ സ്വന്തം കാശെടുത്താണ് ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ വരുന്നത്. അവര്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതിനെയാണോ ധൂര്‍ത്തെന്ന് വിളിക്കുന്നത്. ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്താണെന്ന് പറഞ്ഞതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമത് ലോകകേരള സഭയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യൂസഫലി.

പ്രവാസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും വ്യത്യസ്തത കാണരുത്. നേതാക്കള്‍ ഗള്‍ഫില്‍ വരുമ്പോള്‍ പ്രവാസികളാണ് കൊണ്ടു നടക്കുന്നത്. ലോക കേരള സഭ പ്രവാസികള്‍ക്കുള്ള ആദരവാണ്. പ്രവാസികളില്‍ പല രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരുണ്ടെന്നും പ്രവാസികള്‍ക്ക് വേണ്ടി എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതല്‍ സുതാര്യമാക്കണം. എന്തെങ്കിലും നിര്‍മാണം അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ സ്റ്റോപ് മെമ്മോ കൊണ്ടുവരുന്ന രീതിയാണ് നിലവിലുള്ളത്. നിയമങ്ങള്‍ മാറ്റി ഇന്‍വെസ്റ്റ്മെന്റ് പ്രൊട്ടക്ഷന്‍ കൊണ്ടുവരണം തന്റെ മനസും ശരീരവും ധനവും കേരളത്തിലാണെന്നും യൂസുഫലി കൂട്ടിച്ചേര്‍ത്തു.

വന്‍ തുക ചിലവഴിച്ച് ലോക കേരളസഭ സംഘടിപ്പിക്കുന്നതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. അതേസമയം സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് ലോകകേരള സഭയില്‍ പങ്കെടുക്കുന്നില്ല. ധൂര്‍ത്ത് ഒഴിവാക്കുക, കഴിഞ്ഞ രണ്ട് സഭയില്‍ എടുത്ത തീരുമാനങ്ങളുടെ പുരോഗതി റിപ്പോര്‍ട്ട് അവതരിപ്പിക്കുക, പ്രതിപക്ഷ പ്രവാസി സംഘടനകള്‍ക്ക് പ്രാതിനിധ്യം നല്‍കുക എന്നീ ഉപാധികള്‍ പരിഗണിക്കാന്‍ മുഖ്യമന്ത്രി തയാറായില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു.