ഇര്‍ഷാദ് നന്നായി നീന്തലറിയുന്ന ആള്‍, മുങ്ങി മരിക്കില്ല, ഡിഎന്‍എ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം സംസ്‌കരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മുങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് ബന്ധുക്കള്‍. ഇര്‍ഷാദ് ചെറുപ്പം മുതല്‍ നന്നായി നീന്തുന്ന ആളാണ്. ആരോ കൊന്നതാണ്. കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും ബന്ധുവായ റഷീദ് പറഞ്ഞു.

മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചുവെന്ന് പറഞ്ഞാണ് മൃതദേഹം സംസ്‌കരിച്ചത്. എന്നാല്‍ ഇത് തന്റെ മകന്റെ മൃതദേഹമല്ലെന്ന് ദീപകിന്റെ അമ്മ പറഞ്ഞിരുന്നു. അത് വകവെക്കാതെ ഡിഎന്‍എ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നും റഷീദ് പറഞ്ഞു.

ഇര്‍ഷാദിന്റേത് കൊലപാതകമാണെന്നും ഇതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നും പൊലീസ് പറയുന്നു. ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയെന്നായിരുന്നു മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. കേസില്‍ ഇതുവരെ നാലു പേരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി മിര്‍ഷാദ് വയനാട് സ്വദേശികളായ, ഷെഹീല്‍,ജനീഫ്,സജീര്‍ എന്നിവരാണ് അറസ്റ്റിലായത്.

ദുബായില്‍ നിന്ന് കഴിഞ്ഞ മെയിലാണ് ഇര്‍ഷാദ് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടില്‍ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്സ് ആപ്പ് സന്ദേശമായി ഇര്‍ഷാദിനെ കെട്ടിയിട്ട ഫോട്ടോയും തട്ടിക്കൊണ്ടുപോയവര്‍ അയച്ചിരുന്നു.