ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം: 'ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷമേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമെങ്കില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി. കേന്ദ്രത്തിന് എല്ലാ സഹായവും കേരളം വാഗ്ദാനം ചെയ്യുന്നതായും മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നോര്‍ക്ക റൂട്ട്‌സ് ആരംഭിച്ച ഹെല്‍പ്പ്‌ഡെസ്‌കില്‍ ഞായറാഴ്ച രാവിലെ 11.30 മണി വരെ  381 കോളുകളാണ് ലഭിച്ചത്.  വിദേശത്തുനിന്നും 137 പേരും രാജ്യത്തിനുള്ളില്‍ നിന്നും 244 പേരും ഹെല്‍പ്ഡെസ്‌കില്‍ ബന്ധപ്പെട്ടു.

ഗള്‍ഫ് മേഖലയില്‍ നിന്നുമുള്ള ഒഴിപ്പിക്കല്‍ സാധ്യതകളും യാത്രാ സുരക്ഷയും സംബന്ധിച്ചും അന്വേഷണങ്ങള്‍ ഉണ്ടായി. വിമാന സര്‍വീസുകളുടെ നിലവിലെ സ്ഥിതി, റദ്ദാക്കലുകള്‍, യാത്രാ നിര്‍ദ്ദേശങ്ങള്‍, സുരക്ഷാ നിര്‍ദേശങ്ങള്‍ എന്നിവ സംബന്ധിച്ചായിരുന്നു കൂടുതല്‍ അന്വേഷണങ്ങളും.