സ്വപ്നയുടെ ശബ്ദരേഖ ചോർന്ന സംഭവം: അന്വേഷണം അനിശ്ചിതത്വത്തിൽ, മൊഴി ചോർന്നതിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻ്റെ ശബ്ദരേഖ ചോർന്ന സംഭവത്തിലെ അന്വേഷണം അനിശ്ചിതത്വത്തിൽ. അന്വേഷണത്തിനുള്ള അനുമതി ആരുതേടും എന്നതിനെ ചൊല്ലി പൊലീസും ജയിൽ വകുപ്പും തമ്മിൽ തർക്കം നിലനില്‍ക്കുകയാണ്. മൊഴി ചോർന്നത്തിൽ കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് ഇപ്പോഴും പൊലീസ്.

മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കമെന്ന് വാഗ്ദാനം ചെയ്തുവെന്ന്  സ്വപ്ന പറയുന്നതായുള്ള ശബ്ദരേഖ പുറത്തു വന്നതോടെയാണ് ജയിൽ വകുപ്പ് അന്വേഷണം ആവശ്യപ്പെട്ടത്. സ്വപ്ന കോഫേപോസ തടവുകാരിയായ അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുമ്പോഴാണ് ശബ്ദരേഖ പുറത്തായത്. പ്രാഥമിക അന്വേഷണം നടത്തിയ ജയിൽവകുപ്പ് ജയിലിൽ നിന്നല്ല ശബ്ദരേഖ ചോർന്നതെന്ന് നിലപാടെടുത്തു. പക്ഷെ ശബ്ദരേഖ ചോർന്നത് എവിടെ നിന്നാണെന്ന് കണ്ടുപിടിക്കണമെന്നായിരുന്നു ജയിൽവകുപ്പിൻ്റെ ആവശ്യം.

ജയിൽവകുപ്പിൻ്റെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെ എൻഫോഴ്മെൻ്റും അന്വേഷണം ആവശ്യപ്പെട്ടു. പക്ഷെ അന്വേഷണത്തിന് ജയിൽവകുപ്പ് അനുമതി വാങ്ങി നൽകണമെന്നായിരുന്നു പൊലീസിൻ്റെ ആവശ്യം. ജയിൽവകുപ്പ് കസ്റ്റംസിനോട് അനുമതി ആവശ്യപ്പെട്ടു. സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന കോടതിയെ സമീപിക്കാനാണ് കസ്റ്റംസ് മറുപടി നൽകിയത്. ഈ മറുപടി പൊലീസിന് കൈമാറിയ ജയിൽവകുപ്പ് അനുമതിവാങ്ങേണ്ട ഉത്തരവാദിത്വം പൊലീസിനാണെന്നും പറഞ്ഞു. പക്ഷെ ഏത് വകുപ്പിട്ട് എങ്ങനെ കേസെടുക്കുമെന്നാണ് പൊലീസിൻ്റെ ചോദ്യം. കേസെടുക്കാതെ കോടതിയെ സമീപിക്കാനുമാവില്ല. ഇതോടെ ശബ്ദരേഖ ചോർച്ചയിൽ അന്വേഷണം അനിശ്ചിത്വത്തിലാണ്.