സി.പി.ഐയിലും അനധികൃത സ്വത്തു സമ്പാദനം; ആറു കോടിയുടെ ഫാം സ്വന്തമാക്കി ജില്ലാ സെക്രട്ടറി; അന്വേഷണം പ്രഖ്യാപിച്ച് പാര്‍ട്ടി

സിപിഐയിലും അനധികൃത സ്വത്തു സമ്പാദന ആരോപണം. പത്തനംതിട്ട സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കോടികളുടെ ആരോപണമാണ് എ പി ജയനെതിരെ ഉയര്‍ന്നിരിക്കുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി തല അന്വേഷണം ആരംഭിച്ചു.

അടൂരില്‍ ആറു കോടി രൂപ മുടക്കി എ പി ജയന്‍ ഫാം ഹൗസ് സ്വന്തമാക്കി എന്നാണ് പരാതി. സിപിഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനപ്രകാരം വസ്തുതാന്വേഷണം നടത്തുന്നത്.

സംസ്ഥാന നിര്‍വാഹകസമിതി അംഗം കെ കെ അഷ്റഫിനെയാണ് അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് മുമ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്‍ദേശം. അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ തുടര്‍നടപടി തീരുമാനിക്കാനാണ് സിപിഐ തീരുമാനിച്ചിരിക്കുന്നത്.

Read more

എ പി ജയന്‍ മൂന്നാം തവണയാണ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാകുന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. തെളിവു സഹിതമാണ് പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. എ.പി.ജയന്റെയും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയുടെയും പേരിലാണ് അടൂരിലെ ഫാം.