കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ജോസ് കെ. മാണിയെ ചെയര്‍മാന്‍ ആക്കണമെന്ന് ഒരു വിഭാഗം, ജോസഫിനെ ഒഴിവാക്കാന്‍ ശ്രമം

കേരളാ കോണ്‍ഗ്രസില്‍ അധികാരത്തെ ചൊല്ലി തര്‍ക്കം. ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാനാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സി.എഫ് തോമസിനെ കണ്ട് മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാരാണ് ഈ ആവശ്യം ഉന്നയിച്ചത്.

പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിനൊപ്പം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനവും മാണി വിഭാഗത്തിന് വേണമെന്നും ആവശ്യപ്പെട്ട് ഒമ്പത് ജില്ലാ പ്രസിഡന്റുമാരാണ് ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസുമായി കൂടിക്കാഴ്ച നടത്തിയത്. ജോസ് കെ. മാണിയെ ചെയര്‍മാനാക്കി, സി.എഫ് തോമസിനെ പാര്‍ലമെന്റി നേതൃസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.

കെഎം മാണിക്ക് ശേഷം നേതൃസ്ഥാനത്തിലേക്ക് ആരാണെന്നതിനെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ അധികാര വടംവലി അതിരൂക്ഷമായി തുടരവെയാണ് നിലപാട് വ്യക്തമാക്കി മാണി വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ പി.ജെ. ജോസഫിന് ചെയര്‍മാന്‍ സ്ഥാനം ലഭിക്കണമെന്നായിരുന്നു ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ പിജെ ജോസഫിനെ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് കൊണ്ടു വരുന്നതിനോട് ജോസ് കെ. മാണിക്ക് ശക്തമായ വിയോജിപ്പ് ഉണ്ട്. ഈ സാഹചര്യത്തിലാണ് മാണി വിഭാഗം കരുനീക്കങ്ങള്‍ ആരംഭിച്ചത്. പി. ജെ ജോസഫിനെ പൂര്‍ണമായും ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മാണി വിഭാഗത്തിന്റെ ഇപ്പോഴത്തെ ചര്‍ച്ച.