ഇന്ത്യന്‍ നേവിയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് തമാല്‍ കമ്മീഷന്‍ ചെയ്തു; ഇന്ത്യ വിദേശത്ത് നിര്‍മ്മിച്ച അവസാന യുദ്ധക്കപ്പലാകും ഐഎന്‍എസ് തമാല്‍

ഇന്ത്യയുടെ നാവികസേനയ്ക്ക് വേണ്ടി റഷ്യയില്‍ നിര്‍മിച്ച യുദ്ധക്കപ്പല്‍ ഐഎന്‍എസ് തമാല്‍ കമ്മീഷന്‍ ചെയ്തു. റഷ്യയിലെ കലിനിന്‍ഗ്രാഡില്‍ വെച്ചാണ് യുദ്ധക്കപ്പല്‍ ഐഎന്‍എസ് തമാല്‍ നാവികസേനയുടെ ഭാഗമായത്. ഇന്ത്യ വിദേശത്ത് നിര്‍മിച്ച അവസാനത്തെ യുദ്ധക്കപ്പലാകും ഐഎന്‍സ് തമാല്‍ എന്നാണ് വിലയിരുത്തല്‍. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ പെടുത്തി ഇനി നാവികസേനയ്ക്കുള്ള യുദ്ധക്കപ്പലുകള്‍ എല്ലാം രാജ്യത്ത് തന്നെ നിര്‍മിക്കാനാണ് തീരുമാനം. ബ്രഹ്‌മോസ് ദീര്‍ഘദൂര മിസൈലടക്കം വഹിക്കാന്‍ ശേഷിയുള്ളതാണ് നാവികസേനയുടെ ഭാഗമായ ഐഎന്‍എസ് തമാല്‍. അതികടുത്ത ശൈത്യത്തിലുള്‍പ്പെടെ നിരവധി വ്യത്യസ്തങ്ങളായ കാലാവസ്ഥയില്‍ കടല്‍ പരീക്ഷണങ്ങള്‍ കഴിഞ്ഞാണ് തമാലിനെ നാവികസേനയിലേക്ക് കമ്മീഷന്‍ ചെയ്തത്. നാവികസേനയുടെ പടിഞ്ഞാറന്‍ കമാന്‍ഡിന്റെ ഭാഗമായി അറബിക്കടലില്‍ ആകും ഇനി തമാല്‍ പ്രവര്‍ത്തിക്കുക.

യുദ്ധവിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കുമെതിരെ കുത്തനെ ആകാശത്തേക്ക് സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ പ്രയോഗിക്കാനുള്ള സംവിധാനങ്ങള്‍ ഈ കപ്പലിലുണ്ട്. അന്തര്‍വാഹിനികളെ തകര്‍ക്കാനുള്ള റോക്കറ്റുകളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുമടക്കമാണ് തമാല്‍ നാവികസേനയിലേക്ക് എത്തിയിരിക്കുന്നത്. നാവികസേനയ്ക്ക് വേണ്ടി നിര്‍മിച്ച രണ്ടാമത്തെ തുഷില്‍ ക്ലാസ് സ്‌റ്റൈല്‍ത്ത് യുദ്ധക്കപ്പലാണ് തമാല്‍. റഷ്യന്‍ ക്രിവാക് ക്ലാസ് യുദ്ധക്കപ്പലുകളെ അടിസ്ഥാനമാക്കിയാണ് തമാലിന്റെ നിര്‍മാണം നടന്നത്. കലിനിന്‍ഗ്രാഡിലെ യാന്താര്‍ ഷിപ്പ്യാര്‍ഡിലാണ് ഐഎന്‍എസ് തമാലിന്റെ നിര്‍മാണം നടന്നത്. യുദ്ധക്കപ്പലുകള്‍ക്ക് വേണ്ടി 2016ലാണ് കരാര്‍ ഒപ്പിട്ടത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ റഷ്യയില്‍ നിന്ന് രാജ്യത്തെത്തിച്ച ക്രിവാക് ക്ലാസ് ഫ്രിഗേറ്റുകളുടെ (യുദ്ധക്കപ്പലുകളുടെ) പരമ്പരയിലെ എട്ടാമത്തെ കപ്പലാണിത്. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ സഞ്ജയ് ജെ സിംഗ്, നിരവധി ഉന്നത ഇന്ത്യന്‍, റഷ്യന്‍ സര്‍ക്കാര്‍, പ്രതിരോധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് കമ്മീഷനിംഗ് ചടങ്ങിന് നേതൃത്വം നല്‍കിയത്.

റഷ്യന്‍ ഡിസൈന്‍ അനുസരിച്ച് നാല് യുദ്ധക്കപ്പലുകളാണ് കരാര്‍ പ്രകാരം നിര്‍മിക്കാന്‍ രാജ്യം പദ്ധതിയിട്ടത്. കപ്പലുകള്‍ക്ക് വേണ്ടി 21,000 കോടിരൂപയാണ് ചെലവഴിച്ചത്. റഷ്യയില്‍ രണ്ട് യുദ്ധക്കപ്പല്‍ നിര്‍മിക്കാനും ശേഷിക്കുന്ന രണ്ടെണ്ണം ഇന്ത്യയില്‍ ഗോവ ഷിപ്പ്യാര്‍ഡിലും നിര്‍മിക്കാനായിരുന്നു ധാരണ. ഇന്ത്യയില്‍ നിര്‍മിക്കുന്നവയെ ത്രിപുത് ക്ലാസ് എന്നാണ് വിളിച്ചത്. 26 ശതമാനവും തദ്ദേശീയമായ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഐഎന്‍എസ് തമാല്‍ നിര്‍മിച്ചതെന്ന പ്രത്യേകതയുമുണ്ട്. 39000 ടണ്‍ കേവുഭാരമുള്ള കപ്പലിന് 125 മീറ്ററാണ് നീളം. ഭാരമേറിയ ടോര്‍പ്പീഡോകളും ബ്രഹ്‌മോസ് മിസൈലുകളും വഹിക്കാനുള്ള ശേഷിയുണ്ട്. 30 നോട്ടിക്കല്‍ മൈല്‍ (മണിക്കൂറില്‍ 50 കിലോമീറ്റര്‍ ) ആണ് കപ്പലിന്റെ വേഗം.

Read more

ഹെലികോപ്റ്ററുകള്‍ക്ക് ലാന്‍ഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും കഴിയുന്ന തരത്തിലുള്ള ഡോക്കാണ് ഐഎന്‍എസ് തമാലിനുള്ളത്. ഇത് സമുദ്രമേഖലയില്‍ നിരീക്ഷണത്തിനും പെട്ടെന്നുള്ള പ്രത്യാക്രമണത്തിനും സേനയെ സഹായിക്കും. റഡാര്‍ നിരീക്ഷണങ്ങളെ മറികടക്കാന്‍ കഴിയുന്ന തരത്തിലുള്ള രൂപകല്‍പ്പനയാണ് കപ്പലിനുള്ളത്. എഫ്-16, എഫ്-35 തുടങ്ങിയ യുദ്ധവിമാനങ്ങളെ പോലും നേരിടാനുള്ള ശേഷിയുണ്ട്. അന്തര്‍വാഹിനികള്‍, ഡ്രോണുകള്‍ എന്നിവയില്‍ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുമുണ്ട്.