കെ.എസ്.ആര്‍.ടി.സിയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക്

കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ ഒക്ടോബര്‍ 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക്. കഎസ്ആര്‍ടിസിലെ അംഗീകൃത സംഘടനയായ ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്റ് എം വിന്‍സന്റ് എംഎല്‍എയുടെ നേത്യത്വത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് പണിമുടക്ക് നോട്ടീസ് നല്‍കി. ഇരുപതാം തിയതി സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ് എഐടിയുസി.

കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ സഹായിച്ചിട്ടും ശമ്പളം പോലും നല്‍കാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയാണെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

സത്യങ്ങള്‍ മറച്ചുവച്ചാണ് ചില സംഘടനകളുടെ പ്രചാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിലെ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

2011-2022 കാലയളവില്‍ മാത്രം 2076 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. എന്നാല്‍, ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.