പി.ജി ഡോക്ടര്‍മാരുടെ സ്‌റ്റൈപെന്‍ഡ് വര്‍ദ്ധന; എതിര്‍പ്പ് അറിയിച്ച് ധനവകുപ്പ്

സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാരുടെ സമരം തുടരുകയാണ്. സ്‌റ്റൈപെന്‍ഡ് നാല് ശതമാനം വര്‍ദ്ധിപ്പിക്കുക, നീറ്റ് പി.ജി പ്രവേശനം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുക, കൂടുതല്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എന്നാല്‍ പി.ജി ഡോക്ടര്‍മാരുടെ സ്‌റ്റൈപെന്‍ഡ് നാല് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ധനവകുപ്പ്.

സ്‌റ്റൈപെന്‍ഡ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം അറിയിച്ച് കൊണ്ട് ആരോഗ്യ വകുപ്പ് രണ്ടു തവണ ധനവകുപ്പിന് ഫയല്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് രണ്ടും ധനവകുപ്പ് മടക്കി അയക്കുകയായിരുന്നു. സ്‌റ്റൈപെന്‍ഡ് നാല് ശതമാനമായി വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ അതിനായി ധനവകുപ്പ് പ്രതിമാസം 75 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതായി വരും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇത് അധിക ബാദ്ധ്യതയായി മറുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

പി.ജി ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയതിനെ തുടര്‍ന്ന് ഈ മാസം പത്തിന് ആരോഗ്യവകുപ്പ് വീണ്ടും ഇതേ ആവശ്യം അറിയിച്ച് കൊണ്ട് കത്ത് അയച്ചിട്ടുണ്ട്. എന്നാല്‍ ധനവകുപ്പ് ഇതുവരെ വിഷയത്തില്‍ തീരുമാനം അറിയിച്ചിട്ടില്ല. കേരളത്തിലെ പി.ജി ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന സ്‌റ്റൈപെന്‍ഡ് മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ആണെന്നാണ് ധനവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. അതുകൊണ്ട് ധൃതി പിടിച്ച് സ്‌റ്റൈപെന്‍ഡ് വര്‍ദ്ധിപ്പിക്കണ്ട, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ സ്‌റ്റൈപെന്‍ഡ് വര്‍ദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കാം എന്നതാണ് ധനവകുപ്പിന്റെ നിലപാട്. അതേസമയം, ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സമരക്കാരുമായി ഇന്ന് ചര്‍ച്ച നടത്തിയേക്കും.