ആളൊഴിഞ്ഞ വീട്ടില്‍ പുലിക്കുട്ടികളെ കണ്ടെത്തിയ സംഭവം; അമ്മപ്പുലിയെത്തി ഒരു പുലിക്കുട്ടിയെ കൊണ്ടുപോയി

പാലക്കാട് ജില്ലയിലെ ഉമ്മിനിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളില്‍ ഒന്നിനെ അമ്മപ്പുലി വന്ന്് കൊണ്ടു പോയി. പുലിക്കുട്ടികളെ തേടിവരുന്ന അമ്മപ്പുലിയെ പിടികൂടാനായി വനം വകുപ്പ്് ഇവിടെ കൂട് സ്ഥാപിച്ച് കാത്തിരിക്കുകയായിരുന്നു. കൂടിനുള്ളില്‍ പുലിക്കുട്ടികളെ വെച്ച് അമ്മപ്പുലിയെ ആകര്‍ഷിക്കാനാണ് വനം വകുപ്പ് ശ്രമിച്ചത്. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടു.

ഇന്ന് രാവിലെയാണ് അമ്മപ്പുലി എത്തി കൂട്ടില്‍ നിന്നും ഒരു പുലിക്കുട്ടിയെ കൊണ്ടു പോയത്. അപ്പോഴേക്കും ആള്‍ക്കാര്‍ ഒത്തു കൂടിയതിനാല്‍ രണ്ടാമത്തെ പുലിക്കുട്ടിയെ എടുക്കാനായി അമ്മപ്പുലിക്ക് എത്താന്‍ കഴിഞ്ഞില്ല. പുലിയെ പിടികൂടിയ ശേഷം പുലിക്കുട്ടികള്‍ക്കൊപ്പം കാട്ടിലേക്ക് തിരികെ അയക്കാനാണ് വനം വകുപ്പ് തീരുമാനിച്ചിരുന്നത്. രണ്ടാമത്തെ പുലിക്കുട്ടിയെ ഉപയോഗിച്ച് അമ്മപ്പുലിയെ പിടികൂടാനുള്ള ശ്രമം നാളെയും തുടരും.

പുലിയെ പിടിക്കാനായി കൂട് സ്ഥാപിച്ചതിന് ശേഷം മൂന്ന് തവണ പുലി കൂടിന് അടുത്ത് എത്തിയിരുന്നു. എന്നാല്‍ കൂട്ടില്‍ കയറിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും പുലിക്കുട്ടികളെ കണ്ടെത്തിയത്. ജനിച്ച് 15 ദിവസം മാത്രം പ്രായമുള്ള പുലിക്കുട്ടികളെയാണ് കണ്ടെത്തിയത്. മാധവന്‍ എന്നയാളുടെ തകര്‍ന്നു കിടക്കുന്ന വീടാണ് ഇത്. ഈ വീട് പതിനഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുകയാണ്. പുലി പെറ്റു കിടക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. തളളപ്പുലി ഓടിപ്പോകുന്നത് കണ്ടതായി പൊന്നന്‍ എന്ന നാട്ടുകാരന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് തള്ളപ്പുലിയെ കണ്ടെത്താനായി പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തി. എന്നാല്‍ ഫലം ഉണ്ടായില്ല. തുടര്‍ന്നാണ് പുലിയെ പിടിക്കാനായി കൂട് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പ്രദേശത്ത് വനംവകുപ്പിന്റെ ദ്രുതകര്‍മ്മ സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.