മദ്യ ലഹരിയില്‍ എസ്‌ഐയുടെ പരാക്രമം; ബേക്കറി ഉടമയെയും കുടുംബത്തെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷന്‍

കൊച്ചി നെടുമ്പാശേരിയില്‍ മദ്യ ലഹരിയില്‍ ബേക്കറി ഉടമയെയും ഭാര്യയെയും മര്‍ദ്ദിച്ച എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. കരിയോടുള്ള കോഴിപ്പാട്ട് ബേക്കറിയിലാണ് മദ്യലഹരിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ അക്രമം നടത്തിയത്. നെടുമ്പാശേരി പൊലീസ് സ്റ്റേഷന് കീഴിലുള്ള കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ സുനില്‍ ആണ് ബേക്കറി ഉടമയെയും ഭാര്യയെയും മര്‍ദ്ദിച്ചത്.

കരിയാട്ടില്‍ കത്തിക്കുത്ത് നടന്നുവെന്ന് പറഞ്ഞാണ് എസ്‌ഐ സുനില്‍ ഇന്നലെ രാത്രി 9ന് ബേക്കറിയിലെത്തിയത്. ഇയാള്‍ ബേക്കറി ഉടമ കുഞ്ഞുമോന്‍, ഭാര്യ ആല്‍ബി, മകള്‍ മെറിന്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരെ ചൂരല്‍ കൊണ്ട് അകാരണമായി മര്‍ദ്ദിച്ചതായാണ് പരാതി. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ എസ്‌ഐയെ തടഞ്ഞുവച്ച ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ അങ്കമാലി പൊലീസ് സുനിലിനെ അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. പരിശോധനയില്‍ എസ്‌ഐ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. തന്നെയും കുടുംബത്തെയും അകാരണമായി മര്‍ദ്ദിച്ചുവെന്ന ബേക്കറി ഉടമ കുഞ്ഞുമോന്റെ പരാതിയിലാണ് എറണാകുളം റൂറല്‍ എസ്പി ഇയാളെ സസ്‌പെന്റ് ചെയ്തത്.