കൊച്ചിയില്‍ പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിച്ചു, പമ്പിംഗ് പുനരാരംഭിച്ചു

കൊച്ചി തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പ് പുനഃസ്ഥാപിച്ചു. ഇന്ന് പുലര്‍ച്ചെ ആണ് തകരാര്‍ പരിഹരിച്ചത്. പൈപ്പ് വഴി വെള്ളം കടത്തി വിട്ട് തുടങ്ങി. വീട്ടുകളിലേക്ക് വെള്ളം എത്തി.

പശ്ചിമ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും പാഴൂര്‍ പന്പ് ഹൗസില്‍ നിന്നുള്ള കൂടുതല്‍ കുടിവെള്ളം ഇന്ന് മുതല്‍ ലഭ്യമാകും. രണ്ടാമത്തെ മോട്ടോര്‍ വഴിയുള്ള വെള്ളം പാഴൂരില്‍ നിന്ന് നെട്ടൂരിലെ ജലശുദ്ധീകരണ പ്ലാന്റിലേക്ക് എത്തിയാല്‍ ഇടവിട്ടുള്ള ദിവസങ്ങളില്‍ എല്ലായിടത്തേക്കും വെള്ളം പന്പ് ചെയ്യാനാണ് ശ്രമം.

പാഴൂരില്‍ രണ്ട് മോട്ടോറുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നാമത്തെ മോട്ടോറും പ്രവര്‍ത്തനക്ഷമമായാലേ പൂര്‍ണതോതില്‍ ജലവിതരണം പുനസ്ഥാപിക്കാനാകൂ. ഇതിന് ഒരാഴ്ച കൂടി വേണം. അതുവരെ ടാങ്കറുകളിലൂടെയുള്ള ജലവിതരണം തുടരുമെന്ന് ജില്ലഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്

തമ്മനം ഭാഗത്ത് ഇന്നലെയാണ് കുടിവെള്ള വിതരണ ആലുവയില്‍ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പ് പൊട്ടിയത്. രാവിലെ 10.30ഓടെയാണ് സംഭവം. കുത്തുപ്പാടി പമ്പ് ഹൗസിലേക്കുള്ള പൈപ്പ് ആണ് പൊട്ടിയത്. വലിയ ശബ്ദത്തോടെയാണ് പൊട്ടിയത്. ഒരു മണിക്കൂറിലേറെ വെള്ളം കുത്തി ഒഴുകി. ഇതേത്തുടര്‍ന്ന് സമീപത്തെ കടകളിലും വെള്ളം കയറി.