രണ്ടര വയസുകാരിയുടെ ആരോഗ്യ നിലയില്‍ പുരോഗതി, മരുന്നുകളോട് പ്രതികരിക്കുന്നു

കോലഞ്ചേരിയില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന രണ്ടു വയസുകാരിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മരുന്നകളോട് കുട്ടി പ്രതകരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സ്വന്തം നിലയിക്ക് ശ്വസിക്കുന്നതിനാല്‍ വെന്റിലേറ്ററില്‍ നിന്ന് ഇന്ന് മാറ്റിയേക്കും. തലച്ചോറിന്റെ ഇരു വശത്തും നീര്‍ക്കെട്ടും, രക്തസ്രാവവും ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മാതൃസഹോദരിയേയും, ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിനെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് തൃക്കാക്കര സ്വദേശിനിയുടെ രണ്ട് വയസുകാരിയായ മകളെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കുട്ടിക്ക് അനസ്മാരം ഉണ്ടായിട്ടില്ല. മരുന്നുകളുടെ അളവുകള്‍ കുറയ്ക്കുകയാണ്. സ്വന്തമായി ശ്വസിക്കുന്നതോടെ ഘട്ടം ഘട്ടമായി ഓക്‌സിജനല്‍ നല്‍കുന്നതും നിര്‍ത്തും. കുട്ടിയുടെ ഇടത് കൈയില്‍ രണ്ടിടത്ത ഒടിവ് ഉണ്ടായിട്ടുണ്ട്. നട്ടെല്ലിന്റെ മുകള്‍ ഭാഗം മുതല്‍ രക്തസ്രാവം ഉണ്ട്. ശരീരത്തില്‍ ഒരു മാസം മുതല്‍ ഒരു ദിവസം വരെ പഴക്കമുള്ള മുറിവുകള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

സംഭവത്തില്‍ ജില്ല ശിശുക്ഷേമ സമിതിയും അന്വേഷണം നടത്തുന്നുണ്ട്. സര്‍ക്കാരിനും, സംസ്ഥാന ശിശുക്ഷേമ സമിതിക്കും റിപ്പോര്‍ട്ട് നല്‍കും. സഹോദരിമാരടക്കം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന എല്ലാവരുടേയും പശ്ചാത്തലം പരിശോധിക്കും.

കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച അമ്മയോടും അമ്മൂമ്മയോടും ഡോക്ടര്‍മാര്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ രണ്ടാനാച്ഛനും അമ്മയും ചേര്‍ന്നാണ് കുഞ്ഞിനെ മര്‍ദ്ദിച്ചത് എന്നായിരുന്നു കുട്ടിയുടെ അമ്മൂമ്മ വെളിപ്പെടുത്തിയത്.

അതേസമയം സംഭവത്തില്‍ മാതൃസഹോദരിയുടെ പങ്കാളിക്ക് മാത്രമല്ല, അമ്മക്കും പങ്കുണ്ടാകാമെന്നാണ് കുട്ടിയുടെ പിതാവ് പറഞ്ഞത്. ലഹരിക്കടിമയായ ആന്റണിക്കെതിരെ മുന്‍പ് പരാതി നല്‍കിയിട്ടുണ്ടെന്നും പിതാവ് ആരോപിച്ചു. കുട്ടിയുടെ സംരക്ഷണ അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.