ഗോവയില്‍ നിന്ന് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ വിനോദയാത്ര സംഘം മദ്യം കടത്തി; കൊല്ലത്തെ അധ്യാപകരും ഡ്രൈവറും അറസ്റ്റില്‍; ലിറ്റര്‍ കണക്കിന് മദ്യം പിടിച്ചെടുത്തു

അനധികൃത മദ്യകടത്തിൽ കോളേജ് പ്രിൻസിപ്പലടക്കം നാലുപേർ അറസ്റ്റിൽ. കോളേജിൽ നിന്ന് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ നിന്നാണ് മദ്യം കണ്ടെടുത്തത്. കൊല്ലത്തെ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഉൾപ്പെടെ നാലുപേരാണ് കൊച്ചിയിൽ അറസ്റ്റിലായത്.

പ്രിന്‍സിപ്പല്‍, ബസ് ഡ്രൈവര്‍, ക്ലീനര്‍, ടൂര്‍ ഓപ്പറേറ്റര്‍ എന്നിവരുടെ ബാഗുകളിൽ നിന്ന് 50 കുപ്പികളിൽ 32 ലിറ്റർ മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പാലാരിവട്ടത്തുവച്ചാണ് എക്സൈസ് ബസ് തടഞ്ഞ് പരിസോധന നടത്തിയത്.

ഗോവയിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് എത്തിയ സംഘമാണ് മദ്യം കടത്തിയത്. ഡി.എൽ.എഡ് വിദ്യാർഥികളായ 33 പെണ്‍കുട്ടികളും ആറ് ആണ്‍കുട്ടികളും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്.

അറസ്റ്റിലായവർക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. എറണാകുളം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം. സജീവ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.ബസിന്‍റെ ലഗേജ് അറയിലെ ബാഗുകളില്‍നിന്നാണ് മദ്യം പിടികൂടിയത്.