തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിക്കാനായില്ലെങ്കില്‍ ഇന്ത്യ ഇനിയുണ്ടാവില്ല; കോണ്‍ഗ്രസിന്റെ നിലപാട് മൃദുഹിന്ദുത്വം; ആഞ്ഞടിച്ച് എംവി ഗോവിന്ദന്‍

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാനായില്ലെങ്കില്‍ ഈ ഇന്ത്യ ്ഇനിയുണ്ടാവില്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

ഓരോ സംസ്ഥാനത്തെയും ഒരു യൂണിറ്റായി കണ്ട് എല്ലാവരും ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ ബിജെപിയെ തോല്‍പ്പിക്കാനാവും. ഭരണഘടനയെയും ജനാധിപത്യത്തെയും ബഹുസ്വരതയെയും ഇല്ലാതാക്കി രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്ന വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാന്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങണം.
വര്‍ഗീയതയെ നേരിടാനുള്ള രാജ്യത്തെ ഏറ്റവും വലിയ കരുത്ത് വിശ്വാസികളാണ്. വര്‍ത്തമാനകാല ഇന്ത്യയില്‍ വിശ്വാസികള്‍ക്ക് ചരിത്രപരമായ ദൗത്യം നിര്‍വഹിക്കാനുണ്ട്. സിപിഐ എം വിശ്വാസികള്‍ക്ക് എതിരല്ല. വിശ്വാസിയാവാനും അല്ലാതിരിക്കാനും ഭരണഘടനാപരമായി അവകാശമുണ്ട്. ആ അവകാശത്തിനൊപ്പമാണ് സിപിഐ എം. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുകയാണ് മോദി സര്‍ക്കാര്‍. ബിജെപിയ്ക്കെതിരെ പോരാടാനുള്ള ജാഗ്രത കോണ്‍ഗ്രസ് പുലര്‍ത്തുന്നില്ല. ബിജെപിയ്ക്ക് തീവ്ര ഹിന്ദുത്വ നിലപാടാണെങ്കില്‍ കോണ്‍ഗ്രസ് നിലപാട് മൃദുഹിന്ദുത്വമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.