താലിബാൻ വിരുദ്ധ കുറിപ്പ് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകും: എം കെ മുനീറിന് വധഭീഷണി

താലിബാനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ മുതിർന്ന മുസ്ലീം ലീഗ് നേതാവ് എം.കെ മുനീറിന് വധഭീഷണി.ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉടൻ പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്. മറിച്ച് മുസ്ലീം വിരുദ്ധ പോസ്റ്റാണത്. 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ മുനീറിനെയും കുടുംബത്തേയും തീര്‍പ്പ് കല്‍പിക്കുമെന്നും ഭീഷണിക്കത്തില്‍ പറയുന്നുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്ത് നിന്നും പോസ്റ്റ് ചെയ്തിരിക്കുന്ന കത്ത് ഇന്ന് രാവിലെയാണ് മുനീറിന് ലഭിച്ചത്. താലിബാന്‍ ഒരു വിസ്മയം എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ടൈപ്പ് ചെയ്ത കത്തിലെ ഉള്ളടക്കം കടുത്ത ഭാഷയിലാണ് ഉള്ളതെന്നും പൊലീസ് മേധാവിക്ക് കത്തിന്റെ പകർപ്പ് സഹിതം പരാതി നൽകിയെന്നും എം.കെ മുനീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുനീറിന് കുറെ കാലമായി മുസ്ലീം വിരുദ്ധതയും ആര്‍.എസ്.എസ് സ്‌നേഹവും കാണുന്നു എന്ന് കത്തിൽ പറയുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോസഫ് മാഷാകാന്‍ ശ്രമിക്കരുതെന്നും, ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുതെന്നും കത്തില്‍ പറയുന്നു.

അതേസമയം ഫെയ്‌സ്ബുക്ക് പോസ്റ്റ് പിൻവലിക്കാൻ താൻ തയ്യാറല്ലെന്ന നിലപാടിലാണ് എം.കെ മുനീർ. താലിബാൻ വിരുദ്ധ നിലപാടിൽ താൻ ഉറച്ചു നിൽക്കുന്നു. തീവ്രവാദത്തിന് എതിരെ ഇനിയും നിലപാട് എടുക്കും. സൈബർ ആക്രമണങ്ങൾ എപ്പോഴുമുണ്ടെന്നും പൊലീസ് ഈ വിഷയം ഗൗരവമായി എടുക്കുന്നില്ലെന്നും മുനീർ കുറ്റപ്പെടുത്തി. താലിബാന് മാറ്റം വന്നെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.