വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി വി ശിവൻകുട്ടി രംഗത്ത്. പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്ന് വി ശിവൻകുട്ടി പറഞ്ഞു. നേമം സിറ്റിങ് സീറ്റ് നിലനിര്‍ത്താൻ വി ശിവൻകുട്ടിയെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.
ഇടതുമുന്നണിയായിരിക്കും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനമെടുക്കുക. പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ് തന്‍റെ തീരുമാനമെന്നും വി ശിവൻകുട്ടി പറഞ്ഞു. നേമം മണ്ഡലം വീണ്ടും പിടിക്കാൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയാണ് ബിജെപി ഇറക്കുന്നത്. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം നിലനിര്‍ത്തുകയെന്നത് സിപിഎമ്മിന് മുന്നിലുള്ള വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ വി ശിവൻകുട്ടിയല്ലാതെ മറ്റൊരു ചോയ്സില്ലെന്നാണ് സിപിഎമ്മിലെ വിലയിരുത്തിൽ.
നേമത്ത് വീണ്ടും ശിവൻകുട്ടിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായമാണ് സിപിഎമ്മിലുള്ളത്. മത്സരിക്കില്ലെന്ന് പറയുമ്പോഴും പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്നു കൂടി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ പാര്‍ട്ടി മത്സരിക്കാൻ പറഞ്ഞാൽ ശിവൻകുട്ടിക്ക് വീണ്ടും മത്സരിക്കേണ്ടിവരും. പരസ്യമായി മത്സരിക്കില്ലെന്ന് ശിവൻകുട്ടി പറഞ്ഞതോടെ പാര്‍ട്ടിയുടെ തീരുമാനവും ഇനി നിര്‍ണായകമാണ്.







