ഞാന്‍ മുന്‍ എസ്എഫ്‌ഐക്കാരന്‍, കുത്തിത്തിരുപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ ഇനിയും കാണാന്‍ ശ്രമിക്കും: സുരേഷ് ഗോപി

കുത്തിത്തിരുപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാന്‍ ശ്രമിക്കുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. മുന്‍ എസ്എഫ്‌ഐക്കാരനായിരുന്നു താനെന്ന് ആവര്‍ത്തിച്ച അദ്ദേഹം എംഎ ബേബിക്ക് ഇക്കാര്യമറിയാമെന്നും താന്‍ എസ്എഫ്‌ഐക്കാരന്‍ ആയിരുന്നോയെന്ന് ബേബിയോട് ചോദിക്കൂവെന്നും സുരേഷ് ഗോപി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കലാമണ്ഡലം ഗോപിയെ കാണുന്നതിന് കുത്തിത്തിരുപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഇനിയും കാണും. എന്റെ എന്റെ വീട്ടിലേക്ക് ഒരുപാട് പേര്‍ വോട്ട് തേടി വന്നിട്ടുണ്ട്. പ്രശാന്ത്, കെ.മുരളീധരന്‍, വിജയകുമാര്‍, രാജഗോപാല്‍ അങ്ങനെ നിരവധി പേര്‍ വന്നിട്ടുണ്ട്. ഞാന്‍ അവരെയെല്ലാം സ്വീകരിച്ചു. ഗോപിയാശാന്‍ എന്നെ സ്വീകരിക്കാഞ്ഞത് അവരുടെ രാഷ്ട്രീയ ബാധ്യതയാണ്. അത് അവഗണനയായി കാണുന്നില്ല.

എന്റെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അവരുടെ ഹൃദയത്തോട് ചോദിക്കണം. ആ സ്‌നേഹം ഞാന്‍ തൊട്ടറിഞ്ഞിട്ടുണ്ട്. കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടില്‍ വന്നതില്‍ രാഷ്ട്രീയമില്ല. ഞാന്‍ വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ല. വോട്ട് ചെയ്യുന്നത് അവരുടെ സ്വാതന്ത്ര്യമാണ്. യോഗ്യമെന്ന് തോന്നുന്നതാണ് വ്യക്തികള്‍ ചെയ്യുക. വ്യക്തികളുടെ ബലാബലത്തിലാവും തന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

കെ കരുണാകരനോട് നീതി കാണിച്ചോ എന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു. കെ കരുണാകരന്റെ കുടുംബവുമായുള്ള എന്റെ ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്, അത് തുടരും. കെ കരുണാകരന്‍ ജനകീയ നേതാവായിരുന്നു. കരുണാകരന്റെ ശവകുടീരം സന്ദര്‍ശിക്കണോ എന്ന് എന്റെ നേതാക്കള്‍ പറയട്ടെ. ശവകുടീര സന്ദര്‍ശനം എല്ലാവര്‍ക്കും സ്വീകാര്യമാകണം. ഒരിടത്തും കടന്നു കയറില്ല. പാര്‍ട്ടി നേതൃത്വം അനുവദിച്ചാല്‍ കരുണാകരന്റെ ശവകുടീരം സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.