'വെനസ്വേലയുടെ ആത്യന്തിക ചുമതല വഹിക്കുന്നത് ഞാൻ, അടുത്ത 30 ദിവസത്തേക്ക് പുതിയ തിരഞ്ഞെടുപ്പ് നടത്താനാകില്ല'; ഡൊണാൾഡ് ട്രംപ്

അടുത്ത 30 ദിവസത്തേക്ക് വെനസ്വേലയിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനസ്വേലയുടെ ആത്യന്തിക ചുമതല വഹിക്കുന്നത് താനാണെന്നും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കയുടെ സുരക്ഷയ്ക്ക് ഡെന്മാർക്കിന്റെ ഉടമസ്ഥതയിലുള്ള സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വേണമെന്നും ട്രംപ് ആവശ്യമുന്നയിച്ചു.

അതേസമയം വെനസ്വേലയില്‍ നടത്തിയ കടന്നുകയറ്റത്തിന് പിന്നാലെ മറ്റ് രാജ്യങ്ങളേയും ഭീഷണിപ്പെടുത്തി ട്രംപ് രംഗത്തെത്തിയിരുന്നു. വെറും ഒരു മണിക്കൂറിനിടെയാണ് ഇന്ത്യ ഉള്‍പ്പെടെ 6 രാജ്യങ്ങള്‍ക്കെതിരെ പുതിയ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയത്. വെനസ്വേലയിലേക്ക് കടന്നുകയറിയ യുഎസ് സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയെയും പിടികൂടി ന്യൂയോര്‍ക്കില്‍ എത്തിച്ച സംഭവത്തിന് പിന്നാലെയാണ് ട്രംപ് പുതിയ വെല്ലുവിളികളുമായി രംഗത്തെത്തിയത്.

ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണി മുഴക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ വ്യാപാര-ഊര്‍ജ്ജ താല്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യ നീങ്ങിയില്ലെങ്കില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മേല്‍ അതിവേഗത്തില്‍ അധിക നികുതി ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളിലുള്ള അതൃപ്തി തന്നെയാണ് വീണ്ടും നികുതി ഭീഷണിക്ക് പിന്നില്‍. റഷ്യന്‍ എണ്ണയെച്ചൊല്ലി തന്നെയാണ് ഇന്ത്യയ്ക്കുമേല്‍ ട്രംപിന്റെ പുതിയ ഭീഷണി. ഇനിയും റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാനാണ് തീരുമാനമെങ്കില്‍ കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

Read more