സംസ്ഥാനത്ത് ഹൈഡ്രോക്സിക്ലോറോക്വിൻ കഴിച്ച കോവിഡ് ബാധിതർക്ക് രോഗമുക്തി വേഗത്തിൽ

സംസ്ഥാനത്ത് ഹൈഡ്രോക്സിക്ലോറോക്വിൻ നൽകിയ കോവിഡ് രോഗികൾ മറ്റു രോഗികളേക്കാൾ വേഗത്തിൽ രോഗമുക്തരായെന്ന് കണ്ടെത്തൽ. ഈ മരുന്നുകൾ നൽകിയ രോഗികൾ 12 ദിവസം കൊണ്ട് ടെസ്റ്റ് നെഗറ്റീവായി. മരുന്ന് നൽകാത്തവർക്കാക്ക് കോവിഡ് നെഗറ്റിവാകാൻ 2 ദിവസം കൂടിയെടുത്തു. ശരാശരിയിലും വേഗത്തിൽ രോഗമുക്തിയാണ് ഉണ്ടായത്.

അന്താരാഷ്ട്രാതലത്തിൽ ഈ മരുന്നിന്റെ ഉപയോഗത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുമ്പോഴാണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്ക് പുറത്തുവന്നത്. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ രോഗം ബാധിച്ച 500 രോഗികളിൽ, ഹൈഡ്രോക്സിക്ലോറോക്വിനും ഒപ്പം അസിത്രോമൈസിനും നൽകിയ രോഗികളെയും നൽകാത്ത രോഗികളെയും തരംതിരിച്ച് കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ വിഭാഗം രോഗികളിലും ഈ മാറ്റം പ്രകടമാണ്. ഹൈഡ്രോക്സിക്ലോറോക്വിൻ നൽകുന്നതിൽ നേരത്തെ അന്താരാഷ്ട്രതലത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിരുന്നു. എന്നാൽ കേരളത്തിൽ ഇപ്പോഴും ഹൈഡ്രോക്സിക്ലോറോക്വിൻ, അസിത്രോമൈസിൻ എന്നിവ ചികിത്സയുടെ ഭാഗമാണ്. ഹൃദയസംബന്ധമായി ഉണ്ടാകാനിടയുള്ള പാർശ്വഫലങ്ങളടക്കം ബോദ്ധ്യപ്പെടുത്തി വേണം ഈ മരുന്നുകൾ നൽകാനെന്നും റിപ്പോർട്ടിലുണ്ട്. ചൈന, ഇറ്റലി എന്നീ രാജ്യങ്ങളുടെ കണക്കുകൾക്കൊപ്പം താരതമ്യം ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോർട്ട് രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പ്രസക്തമാണ്.

മലേറിയ മരുന്നിന് പുറമെ, കോവിഡ് ചികിത്സയിൽ എച്ച്ഐവി മരുന്നുകളുടെ ഉപയോഗത്തെ കുറിച്ചും റിപ്പോർട്ടിൽ വിവരങ്ങളുണ്ട്. കോവിഡ് പ്രതിരോധത്തിലെ മാതൃകയെന്ന നിലയിൽ കേരളത്തിന്റെ പഠന റിപ്പോർട്ട് ചർച്ചകൾക്ക് വഴിയൊരുക്കുന്നതാണ്.