കണ്ണില്‍ ചോരയില്ലാതെ മകന്റെ തലയടിച്ച് തകര്‍ത്ത മാതാവിനെ അറസ്റ്റ് ചെയ്തു; മൂന്നു വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു

ആലുവയില്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ച മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ പൊലീസാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. അതേസമയം, അമ്മയുടെ ക്രൂരമര്‍ദ്ദനമേറ്റ മൂന്നു വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. അനുസരണക്കേട് കാട്ടിയതിനാണ് കുഞ്ഞിനെ ശിക്ഷിച്ചതെന്നാണ് അമ്മ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ കുട്ടി തുടര്‍ച്ചയായി മര്‍ദ്ദനമാണ് നേരിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു കുഞ്ഞിന്റെ തലയ്ക്ക് അടിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

കുട്ടിയുടെ ശരീരത്തില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതിന്റെ നിരവധി പരിക്കുകളുണ്ടെന്നും ഇത് കുട്ടി നിരന്തരം ക്രൂരമര്‍ദ്ദനത്തിന് ഇരയായതിന്റെ ലക്ഷണമാണെന്നും ഡോക്ടര്‍മാരും സൂചിപ്പിച്ചു.

തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായി ഇന്നലെയാണ് മൂന്നു വയസുകാരനെ ആലുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെട്ടിടത്തില്‍ നിന്ന് വീണതാണെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ തലയുടെ പരിക്കിന് പുറമേ കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും ശ്രദ്ധയില്‍ പെട്ട ആശുപത്രി അധികൃതര്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു.

ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നത്. അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിനും ബാലനീതി നിയമം അനുസരിച്ചും കേസെടുത്തു. കുഞ്ഞിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.