ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകന്‍ എന്തെങ്കിലും പറഞ്ഞാല്‍ സഭ എങ്ങനെ ഉത്തരവാദിയാകും; ഷാജ് കിരണിന് എതിരെ നിയമ നടപടിക്ക് ബിലീവേഴ്‌സ് ചര്‍ച്ച്

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടെ വിവാദത്തിനിടെയില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് എതിരെയുള്ള ഷാജ് കിരണിന്റെ ആരോപണങ്ങളില്‍ നിയമനടപടിക്ക് ഒരുങ്ങി ബിലീവേഴ്‌സ് ചര്‍ച്ച്. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പണമിടപാടുകള്‍ നടത്തുകയല്ല സഭയുടെ ജോലി. ഷാജ് കിരണ്‍ എന്ന വ്യക്തിയുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്നതിലുപരി ഒരു ബന്ധവും സഭക്കില്ലെന്നും ഫാദര്‍ സിജോ പന്തപ്പള്ളില്‍ പറഞ്ഞു.

ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ എവിടെയങ്കിലും പോയി എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അതിന് സഭ എങ്ങനെ ഉത്തരവാദിയാകുമെന്നും വിഷയത്തില്‍ ഷാജ് കിരണിനെതിരെ എത്രയും പെട്ടെന്ന് നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബ്ദരേഖയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പത്ര സമ്മേളനത്തിനിടയ്ക്ക് ഏതെങ്കിലും വ്യക്തികള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും ശേഷം നടപടി സ്വീകരിക്കുമെന്നും ബീലിവേഴ്സ് സഭ അറിയിച്ചു.

സഭയുടെ പേര് വലിച്ചിഴക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. പേരോ തെളിവുകളോ ഇല്ലാത്തതിനാല്‍ ആരുടേയും മുഖത്തേക്ക് ചെളിവാരിയെറിയില്ലെന്നും സഭ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും പണം ബിലീവേഴ്സ് ചര്‍ച്ച് വഴിയാണ് യുഎസിലേക്ക് കടത്തിയതെന്നാണ് സ്വപ്നാ സുരേഷ് ഉന്നയിച്ച ആരോപണം. ഷാജ് കിരണ്‍ ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ഇന്നലെ സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വിടുന്ന സമയത്താണ് സ്വപ്ന ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്. ഒന്നര ദൈര്‍ഘ്യമുള്ള സംഭാഷണം പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിട്ടത്.