ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു. റഗുലര്‍ വിഭാഗത്തില്‍ 3,74,755 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,94,888 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഈ വര്‍ഷം വിജയശതമാനത്തില്‍ കുറവുണ്ട്. 78.69 ആണ് ഈ വര്‍ഷത്തെ വിജയശതമാനം.

കഴിഞ്ഞ വര്‍ഷം ഇത് 82.95 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.26 ശതമാനമാണ് ഇത്തവണ കുറവ്. വിഎച്ച്എസ്ഇ പരീക്ഷയില്‍ ഇത്തവണ 71.42 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39 ശതമാനമായിരുന്നു വിജയം. വിഎച്ച്എസ്ഇ പരീക്ഷാഫലത്തിലും ഇത്തവണ കുറവ് വന്നിട്ടുണ്ട്. 6.97 ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്.

ഇത്തവണ സയന്‍സ് വിഭാഗത്തില്‍ 84.84 ആണ് വിജയശതമാനം. കോമേഴ്‌സ് 76.11 ശതമാനവും, ഹ്യുമാനിറ്റീസ് 67.09 ശതമാനവുമാണ് വിജയം. സയന്‍സ് വിഭാഗത്തില്‍ നിന്ന് ഇത്തവണ 1,89,411 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 1,60,696 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.

Read more

കോമേഴ്‌സില്‍ 1,09,109 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 83,048 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഹ്യുമാനിറ്റീസില്‍ 76,235 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 51,144 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.