വിത്ത്ഡ്രോവൽ സിൻഡ്രം ഉള്ളവർക്ക് മദ്യം; സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊറോണ വൈറസ് ബാധ നിയന്ത്രിക്കാനായി രാജ്യം ലോക്ക്ഡൗണിൽ തുടരവെ വിത്ത്ഡ്രോവൽ സിൻഡ്രം ഉള്ളവർക്ക് മദ്യം വിതരണം ചെയ്യാമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

മദ്യം വിതരണം ചെയ്യാനുള്ള സർക്കാർ ഉത്തരവും ഇതിനോടനുബന്ധിച്ച് ബെവ്കോ എംഡി പുറപ്പെടുവിച്ച ഉത്തരവും കോടതി സ്റ്റേ ചെയ്തു. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആഴ്ചയിൽ മൂന്ന് ലിറ്റർ മദ്യം ലഭ്യമാക്കാമെന്നായിരുന്ന സർക്കാരിന്റെ ഉത്തരവ്.

ഐഎംഎ ഉ​ൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘടനകൾ സർക്കാർ ഉത്തരവിന് എതിരെ രംഗത്തെത്തിയിരുന്നു. നീക്കം ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര സർക്കാരും സൂചിപ്പിച്ചിരുന്നു.

ഒരു രോഗിക്ക് എന്ത് കുറിച്ചു നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരല്ല തീരുമാനിക്കുന്നത്. ഇത്തരത്തില്‍ പ്രിസ്‌ക്രിപ്ഷന്‍ നല്‍കേണ്ടത് ഡോക്ടര്‍മാരാണ്. സംസ്ഥാന സര്‍ക്കാര്‍ ഡോക്ടര്‍മാരാകേണ്ട. ഡോക്ടര്‍മാര്‍ മദ്യം നല്‍കാന്‍ കുറിപ്പടിയെഴുതുകയും ഇത് എക്‌സൈസ് എടുത്ത് നല്‍കുകയും ചെയ്യുന്ന രീതി പരിഹാസ്യമാണെന്നും കോടതി പറഞ്ഞു.

മദ്യത്തിന് കുറിപ്പടി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യം നല്‍കുന്നത് ചികിത്സാ രീതിയല്ലെന്ന് ഐ.എം.എ, ഹർജിയില്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ വരുന്ന രോഗികള്‍ക്കെല്ലാം മദ്യം നല്‍കാനാണ് തീരുമാനമെങ്കില്‍ വരാനിരിക്കുന്നത് വലിയ ദുരന്തമായിരിക്കുമെന്നും ഹർജിയില്‍ ഐ.എം.എ പറഞ്ഞിരുന്നു. ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. മദ്യത്തിന് കുറിപ്പടി നല്‍കുന്നതിനെതിരെ കെ.ജി.എം.ഒ.എയും ഐ.എം.എയുമായിരുന്നു കോടതിയെ സമീപിച്ചത്