ഹൈക്കോടതി ഉത്തരവില്‍ റോബിന്‍ ബസിന് ആശ്വാസം; മോട്ടോര്‍ വാഹന വകുപ്പ് നടപടി മരവിപ്പിച്ചു

സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ റോബിന്‍ ബസിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോര്‍ വാഹന വകുപ്പ് നടപടി മരവിപ്പിച്ച് ഹൈക്കോടതി. ഓള്‍ ഇന്ത്യ പെര്‍മിറ്റ് അവസാനിച്ചെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും കോടതി അറിയിച്ചു. ഡിസംബര്‍ 18വരെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.

ഇത് കൂടാതെ മോട്ടോര്‍ വാഹന വകുപ്പ് ബസ് പിടിച്ചെടുത്താല്‍ പിഴ ഈടാക്കി വിട്ടുനല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. തുടര്‍ച്ചയായി റോബിന്‍ ബസ് നിയമലംഘനങ്ങള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പെര്‍മിറ്റ് റദ്ദാക്കിയത്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് ചട്ടം ലംഘിച്ച് സ്റ്റേജ് ക്യാരിയറായി സര്‍വീസ് നടത്തിയെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍.

Read more

ചട്ട ലംഘനം നടത്തിയെന്ന് അറിയിച്ച് ബസ് പിടിച്ചെടുക്കുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് നോട്ടീസിന് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പെര്‍മിറ്റ് റദ്ദാക്കി ഉത്തരവിറക്കിയത്.