സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി

ദളിത് യുവതിക്കെതിരായ ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയും സര്‍ക്കാരും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

നേരത്തെ സിവിക് ചന്ദ്രന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.  കോഴിക്കോട് സെഷന്‍സ് കോടതിയുടെ ‘ലൈംഗിക പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രം’ എന്ന പ്രയോഗം ഹൈക്കോടതി മുന്നേ നീക്കംചെയ്തിരുന്നു.

ഓഗസ്റ്റ് 12-ന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയാക്കിയിരുന്നു. പരാതിക്കാരി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.

കേസിന്റെ അന്വേഷണം ഏതാണ്ട് അവസാനിച്ചതായി ഡിജിപി നേരത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പ്രതിയുടെ പ്രായവും കണക്കിലെടുത്ത് കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.