സ്വർണപ്പാളി വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു, എഡിജിപി എച്ച് വെങ്കിടേഷ് നയിക്കും

ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എസ് വെങ്കിടേഷ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. അന്വേഷണസംഘത്തിൽ അഞ്ച് പേരാണുള്ളത്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം, റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടരുത് എന്നിങ്ങനെയാണ് കോടതി നിർദേശങ്ങൾ.

ശബരിമലയിൽ നടന്നത് സ്വർണക്കവർച്ച എന്നാണ് വിജിലൻസ് ഇടക്കാല റിപ്പോർട്ട്. 2019ൽ കൊണ്ടുപോയത് ദ്വാരപാലക ശിൽപ പാളികളും രണ്ട് പാളികളുമെന്ന് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ഒന്നരക്കിലോ സ്വര്‍ണമാണ് പൊതിഞ്ഞിരുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടുവന്നതിൽ 394 ഗ്രാം സ്വര്‍ണം മാത്രമെന്നും വിജിലൻസ് വ്യക്തമാക്കി.

Read more

വിജയമല്യ പൊതിഞ്ഞത് സ്വർണം തന്നെയാണ്. 8 സൈഡ് പാളികളിലായി 4 കിലോ സ്വർണമുണ്ടായിരുന്നു. 2 പാളികൾ പോറ്റിക്ക് നൽകിയിരുന്നു. ആ പാളികളിൽ എത്ര സ്വർണമുണ്ടെന്ന് ഇനി തിട്ടപ്പെടുത്തണമെന്ന് വിജിലൻസ് പറയുന്നു.  ദേവസ്വം വിജിലൻസ് എസ്‍പിയുടേതാണ് അന്വേഷണ റിപ്പോർട്ട്. ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ഗൂഢാലോടനയുടെ തെളിവുകൾ ലഭിച്ചതായാണ് വിവരം.