ഹേമചന്ദ്രന്‍ കൊലക്കേസ്; മുഖ്യപ്രതി നൗഷാദ് പൊലീസ് കസ്റ്റഡിയില്‍, ഉടൻ കേരളത്തിലെത്തിക്കും

വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്‍ കൊലക്കേസ് പ്രതി നൗഷാദ് അറസ്റ്റിൽ. വിദേശത്ത് നിന്നും എത്തിയ പ്രതിയെ മെഡിക്കല്‍ കോളേജ് പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കേരളത്തിലെത്തിക്കും.

ഇക്കഴിഞ്ഞ ജൂണ്‍ 28നാണ് ഒന്നര വര്‍ഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. വയനാട് ചേരമ്പാടിയിലെ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നൗഷാദ് ഹേമചന്ദ്രനെ ട്രാപ്പ് ചെയ്താണ് വയനാട്ടിലേക്ക് കൊണ്ടുപോയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിസിപി അരുണ്‍ കെ പവിത്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഹേമചന്ദ്രന്‍ നൗഷാദിന് പണം കൊടുക്കാനുണ്ടായിരുന്നുവെന്നും അത് വാങ്ങിയെടുക്കാനുള്ള വഴിയായിരുന്നു ട്രാപ്പെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആരോപണങ്ങൾക്ക് പിന്നാലെ വിദേശത്തായിരുന്ന പ്രതി നൗഷാദ് ഹേമചന്ദ്രന്റേത് കൊലപാതകമല്ല ആത്മഹത്യയെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യയെന്ന് നൗഷാദ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പൊലീസിൽ കീഴടങ്ങുമെന്നും നൗഷാദ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. കൊലപാതകം എന്ന് പറയുന്നത് തന്നെ തെറ്റാണെന്നും മൃതദേഹം കണ്ടപ്പോള്‍ മറ്റ് വഴിയില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് കുഴിച്ചിട്ടതെന്നും നൗഷാദ് പറഞ്ഞിരുന്നു.

Read more