ഹേമ കമ്മീഷനായി ചെലവാക്കിയത് 1.655 കോടി, റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്ന് സജി ചെറിയാന്‍

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്ന് മന്ത്രി സജി ചെറിയാന്‍. സിനിമാ രംഗത്ത് സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നത് തടയാന്‍ കര്‍മ്മപരിപാടികള്‍ തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലൈംഗിക അതിക്രമം തടയാന്‍ നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും ഹേമ കമ്മീഷന്‍ ചിലവഴിച്ചത് 1.655 കോടി രൂപയാണെന്നും മന്ത്രി വെളിപ്പെടുത്തി.

കേരളാ സിനി എക്‌സിബിറ്റേഴ്‌സ് എംപ്ലോയിസ് ആക്റ്റ് നടപ്പിലാക്കണമെന്നും ട്രെബ്യൂണല്‍ രൂപീകരിക്കണമെന്നുമാണ് കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എല്‍ എ കെ.കെ രമയുടെ ചോദ്യത്തിനാണ് നിയമസഭയില്‍ മന്ത്രി രേഖാമൂലമുള്ള മറുപടി നല്‍കിയത്.

കഴിഞ്ഞ ഒമ്പതാം തിയതിയാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്. 2019-ലാണ് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമ, മുതിര്‍ന്ന നടി ശാരദ, വിരമിച്ച ഉന്നത ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി എന്നിവര്‍ അംഗങ്ങളായി ഒരു കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്.

ജസ്റ്റിസ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഡബ്ല്യുസിസിയുടെ നീക്കം. 2019 ഡിസംബര്‍ 31 നായിരുന്നു കമ്മീഷന്‍ 300 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.