പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണം; സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി

ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കണമെന്ന് ഹൈക്കോടത് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഇല്ലെങ്കില്‍ കോടതിയിടപെടുമെന്നും ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് വ്യക്തമാക്കി.

ഹെല്‍മെറ്റ് വേണ്ടെന്ന് നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ല. സര്‍ക്കാര്‍ നയം കേന്ദ്രമോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി. പിന്‍സീറ്റ് ഹെല്‍മറ്റ് വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിയമഭേദഗതി നിയമപരമല്ല. കേന്ദ്ര നിയമം നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ദേശം.

ഹൈക്കോടതിയുടെ അന്ത്യശാസനത്തോടെ പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍ ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിക്കും.