ഇടുക്കി ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി ഡാം തുറക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. ഇതിനാൽ ഡാമിലെ ജലനിരപ്പും ഉയരുകയാണ്. 455.00 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 456.60 മീറ്റർ ആണ്.
കനത്ത മഴയെ തുടർന്ന് പൊന്മുടി ഡാമിന്റെ 3 ഷട്ടറുകൾ ഇന്ന് രാവിലെ 10 മണിക്ക് തുറന്നിരുന്നു. കല്ലാർകുട്ടി ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ തുലാവർഷത്തിൻ്റെ ഭാഗമായി തുടർച്ചയായി ശക്തമായ മഴ പെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുന്നതിനാലും ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നടപടി.
ഉത്തരവ്
കല്ലാർകുട്ടി ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ തുലാവർഷത്തിൻ്റെ ഭാഗമായി തുടർച്ചയായി ശക്തമായ മഴ പെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുന്നതിനാലും (നിലവിലെ ജലനിരപ്പ് 455.00 മീറ്റർ, പരമാവധി ജലനിരപ്പ് 456.60 മീറ്റർ) ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലും, 12-11-2025 ഉച്ചക്ക് 1.00 മണി മുതൽ മുൻകരുതൽ എന്ന നിലയിൽ കല്ലാർകുട്ടി ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 300 ക്യുമെക്‌സ് വരെ ജലം ഒഴുക്കിവിടുന്നതിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് പരാമർശം (1) പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയർ അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ പരാമർശം (1) അപേക്ഷ, 2024 ലെ ഓറഞ്ച് ബുക്കിലെ നിർദ്ദേശങ്ങൾ എന്നിവ പരിഗണിച്ചും, ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ, 12-11-2025 ഉച്ചക്ക് 1.00 മണി മുതൽ മുൻകരുതൽ എന്ന നിലയിൽ കല്ലാർകുട്ടി ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 300 ക്യൂമെക്സ് വരെ ജലം ഒഴുക്കിവിടുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.







