കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പരാമർശം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ കടുത്ത നടപടികൾ പാടില്ലെന്ന് ഹൈക്കോടതി

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ വിദ്വേഷ പരാമർശത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കടുത്ത നടപടികൾ പാടില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഡിസംബർ 14 വരെ നടപടികൾ പാടില്ലെന്നാണ് കോടതി ഉത്തരവ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ നലകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

കേസിൽ കർശന നടപടികൾ ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചതും കോടതി രേഖപ്പെടുത്തി. വിദ്വേഷ പ്രചരണം സംബന്ധിച്ച കേസിലെ ഹർജി ഹൈക്കോടതി ഡിസംബർ 14 ന് വീണ്ടും പരിഗണിക്കും. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ വിദ്വേഷ പരാമർശത്തിലാണ് പൊലീസ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തത്.

വിദ്വേഷം പ്രചരിപ്പിച്ചു, സമൂഹങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് രണ്ട് കേസുകളാണ് രാജീവ് ചന്ദ്രശേഖറിനെതിരേ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്തത്. രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയനടക്കം രം​ഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വര്‍ഗീയവിഷം ചീറ്റുന്നെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ റിമാൻഡ് കാലാവധി നീട്ടി. ഡിസംബർ 26വരെയാണ് റിമാൻഡ് കാലാവധി നീട്ടിയത്. നവംബർ 15-നാണ് കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചത്. തുടർന്ന് ഈ മാസം 29 വരെ ഡൊമിനിക് മാർട്ടിനെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. ഇതാണ് ഇപ്പോൾ കോടതി ഡിസംബർ 26 വരെ നീട്ടിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഓൺലൈൻ വഴിയാണ് മാർട്ടിനെ ഹാജരാക്കിയത്.