ആണും പെണ്ണും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്‌കാരം; സ്‌കൂളുകളില്‍ സൂംബ ഡാന്‍സിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

ലഹരിക്കെതിരെ സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പരിശീലിപ്പിക്കുന്നതില്‍ അധിക്ഷേപ പരാമര്‍ശങ്ങളുമായി അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടികെ അഷ്‌റഫ്. ആണും പെണ്ണും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നതെന്ന് ടികെ അഷ്‌റഫ് പറഞ്ഞു.

ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. താന്‍ ഇക്കാര്യത്തില്‍ പ്രാകൃതനാണ്. തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അതിന്റെ പേരില്‍ വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണ് പൊതുവിദ്യാലയത്തിലേക്ക് തന്റെ കുട്ടിയെ അയക്കുന്നതെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ടികെ അഷ്‌റഫ് അധിക്ഷേപ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്. ഇതിനോട് വിയോജിപ്പുള്ള ധാരാളം പേരുണ്ട്. പ്രതികരിച്ചാല്‍ എന്താകുമെന്ന ഭീതിയാണ് പലരെയും അസ്വസ്ഥരാക്കുന്നത്. ഇതിനെ എതിര്‍ത്തില്ലെങ്കില്‍ പ്രതിസന്ധികള്‍ക്ക് നാം തലവെച്ചുകൊടുക്കേണ്ടി വരുമെന്നും അഷ്‌റഫ് കുറിച്ചു.

Read more

ലഹരി വ്യാപനത്തിന്റേയും അടിപിടിയുടെയും ആഘോഷത്വരയുടെയും മറ്റും പേരില്‍ പൊതുവിദ്യാലയങ്ങളില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെ കൂടുതല്‍ അകറ്റുകയാണ് ഇതിലൂടെ സംഭവിക്കുക. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു വീണ്ടുവിചാരം നടത്തണമെന്നും ടികെ അഷ്‌റഫ് ഫെയ്സ്ബുക്കില്‍ കുറിച്ചു.