മാധ്യമത്തിൽ നിന്നും ഹസനുൽ ബന്നയുടെ സസ്‌പെന്‍ഷന്‍, പ്രതികരണവുമായി ഷാജഹാന്‍ മാടമ്പാട്ട്

മാധ്യമം പത്രത്തിലെ ഡല്‍ഹി ചീഫ് റിപ്പോര്‍ട്ടര്‍ ഹസനുൽ ബന്നയെ സ്ഥാപനത്തിൽ നിന്ന് ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്ത നടപടിയെ കുറിച്ച് പ്രതികരിച്ച് എഴുത്തുകാരനായ ഷാജഹാന്‍ മാടമ്പാട്ട്. “ആർക്കും വ്യക്തിപരമായി പ്രയാസമുണ്ടാകുക ഇക്കാര്യത്തിൽ നടന്ന ചർച്ചകളുടെ ലക്ഷ്യമായിരുന്നില്ല. അത് കൊണ്ട് തന്നെ ഒരാൾക്ക് – അതാരായാലും – ആ ചർച്ചകൾ പ്രയാസമുണ്ടാക്കിയതിൽ വിഷമമാണ് തോന്നുന്നത്.” എന്ന് ഷാജഹാന്‍ മാടമ്പാട്ട് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിനാണ് മാധ്യമം പത്രത്തിലെ ഡല്‍ഹി ചീഫ് റിപ്പോര്‍ട്ടര്‍ ഹസന്നൂല്‍ ബന്നയ്ക്ക് ഏഴ് ദിവസത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു.

അന്താരാഷ്ട്ര വിഷയങ്ങളില്‍ പ്രഗല്‍ഭരായ ഹിന്ദു പത്രത്തിന്റെ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് എഡിറ്റര്‍ സ്റ്റാന്‍ലി ജോണി, എഴുത്തുകാരന്‍ ഷാജഹാന്‍ മാടമ്പാട്ട്, വിദേശ കാര്യ വിദഗ്ദന്‍ അഷ്‌റഫ് കടയ്ക്കല്‍ എന്നിവര്‍ക്കൊപ്പമാണ് ബന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. താലിബാന്‍ ഭരണത്തെ ഫലത്തില്‍ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമായ വസ്തുതകളൊന്നും അദ്ദേഹത്തിന് മുന്നോട്ട് വെയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസത്തിന് കാരണമായിരുന്നു. ഇതാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന് കാരണമെന്നാണ് അറിയുന്നത്. എന്നാല്‍ ഇത് മുഖം മിനുക്കാനും തങ്ങള്‍ താലിബാന്‍ പക്ഷപാതികള്‍ അല്ലെന്ന് വരുത്തി തീര്‍ക്കാനുമുള്ള തന്ത്രം മാത്രമാണെന്നാണ് ആക്ഷേപം. ഏഴ് ദിവസത്തെ സസ്‌പെന്‍ഷന്‍ ഇതിന്റെ ഭാഗമാണെന്നാണ് ആരോപണം.

ഷാജഹാന്‍ മാടമ്പാട്ടിന്റെ കുറിപ്പിന്റെ പൂർണരൂപം:

ഹസനുൽ ബന്നയെ മാധ്യമത്തിൽ നിന്ന് ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തതിനെക്കുറിച്ച് പലരും അഭിപായം ചോദിക്കുന്നു. ഇക്കാര്യത്തിൽ ഒന്നും മിണ്ടരുതെന്ന് വിചാരിച്ചതാണ്. “നിങ്ങൾ കൂടി ഉൾപ്പെട്ട ഒരു ചാനൽ ചർച്ച ആണ് ഹേതുവെന്നതിനാൽ അഭിപ്രായം പറയാൻ ബാധ്യസ്ഥനാണ്” എന്ന് പലരും പറയുന്നു.

ആർക്കും വ്യക്തിപരമായി പ്രയാസമുണ്ടാകുക ഇക്കാര്യത്തിൽ നടന്ന ചർച്ചകളുടെ ലക്ഷ്യമായിരുന്നില്ല. അത് കൊണ്ട് തന്നെ ഒരാൾക്ക് – അതാരായാലും – ആ ചർച്ചകൾ പ്രയാസമുണ്ടാക്കിയതിൽ വിഷമമാണ് തോന്നുന്നത്. ഞാൻ എന്റെ ബോധ്യങ്ങളാണ് പ്രകടിപ്പിക്കുന്നത്. അത് ജയിക്കാനും തോൽക്കാനും ചെയ്യുന്നതല്ല. നിലപാടുകൾ ശരിയാണെന്ന് പൂർണബോധ്യം വന്നേ എന്തും എവിടെയും എഴുതാറുള്ളൂ. വസ്തുതകളുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ അവ തെറ്റാണെന്ന് ആര് ബോധ്യപ്പെടുത്തിയാലും തിരുത്താൻ മടിയില്ല.

വളരെ മോശമായ സാമൂഹ്യമാധ്യമങ്ങളിലെ വ്യക്ത്യാധിക്ഷേപങ്ങളാണ് നിലപാട് കടുപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചത്. അപ്പോഴും ഒരാളെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ചിലരുടെ ഭാഷയും ശൈലിയും വിമര്ശനവിധേയമാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നു. അത് സ്വാഭാവികം മാത്രം. അധിക്ഷേപിച്ചവരോട് കാലുഷ്യമില്ല. മാന്യമായി സംവദിക്കാൻ അവരിലാര് സന്നദ്ധരായാലും എല്ലാം മറന്ന് സംസാരിക്കും – സ്നേഹത്തോടെ തന്നെ.

ജമാഅത്തെ ഇസ്‌ലാമി നേതൃത്വം മാതൃകാപരമായ ഇടപെടലാണ് നടത്തിയത്. വ്യക്തിഹത്യ പൂർണമായും നിലച്ചു. അവരിൽ പലരോടും ദീർഘമായി സംസാരിച്ചു. ഒരു ചെറിയ വിഭാഗത്തിന്റെ അപക്വതയാണ് കണ്ടത്. ഇതെഴുതിയതിന് ഞാൻ ജമാഅത്തെ ഇസ്‌ലാമിയോട് എന്തോ രഹസ്യസന്ധി ഉണ്ടാക്കിയോ ഞാൻ പേടിച്ചോ എന്നൊന്നും ചോദിക്കരുത്. ആരെയും പേടിക്കാറില്ല. ജമാഅത്തുകാരുമായി ഇനിയും സംവാദങ്ങളുണ്ടാവും. അത്രമേൽ മൗലികമായ അഭിപ്രായാന്തരമുണ്ട്.

പൊതുമണ്ഡലത്തിൽ ആരുമായും മാന്യമായ സംവാദം തുടരുക എന്നത് തന്നെയാണ് നയം. ഒരിക്കൽ തെറി പറഞ്ഞവരോടും അവർ നല്ല നിലക്ക് സമീപിച്ചാൽ അവരോട് നന്നായി ഇടപഴകാൻ ഭൂതാനുഭവങ്ങൾ തടസ്സമാവില്ല. ആരും പൂർണ്ണരല്ല. മനുഷ്യരാണ് നാമെല്ലാം.

ആ മനുഷ്യർ അവരുടെ എല്ലാ വൈവിധ്യങ്ങളോടെയും സമാധാനപരമായി സഹവർത്തിക്കണം എന്ന നിലപാടിലേ അനുരഞ്ജനം അസാധ്യമായുള്ളൂ. ബാക്കിയെല്ലാം സംവാദവിധേയമാണ്.