വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനയ്ക്ക് വീണ്ടും മുഴ, ശസ്ത്രക്രിയ വേണം

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശി കെകെ ഹർഷിനയ്ക്ക് വീണ്ടും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ. വയറ്റിൽ നിന്ന് കത്രിക നീക്കം ചെയ്ത ഭാഗത്ത് മുഴ രൂപപ്പെട്ടിരിക്കുകയാണ്. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. കടുത്ത വയറുവേദനയും കൈകളിലെ അസഹനീയ വേദനയും കാരണം ഹർഷിനയെ കഴിഞ്ഞ ദിവസം മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

സർജറി വിഭാഗം ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് മുഴ കണ്ടെത്തിയത്. ആശുപത്രിയിൽ കിടക്ക ഒഴിവില്ലാത്തതിനാൽ അടുത്ത ദിവസമെത്തി അഡ്മിറ്റാവാനാണ് പറഞ്ഞിരിക്കുന്നത്. കൈവേദനയ്ക്ക് ന്യൂറോ വിഭാഗം ഡോക്ടറെ കാണാനുള്ള തീയതിയും നൽകിയിട്ടുണ്ട്. അതേസമയം കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും പ്രതികളായ കേസ് കുന്ദമംഗലം കോടതി 19ന് പരിഗണിക്കും.

ചികിത്സയ്ക്കും മറ്റുമായി ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുകയാണെന്ന് ഹർഷിനയുടെ ഭർത്താവ് അഷ്‌റഫ് പറഞ്ഞു. കടം ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. സർക്കാർ ഒരു സഹായവും നൽകിയിട്ടില്ലെന്നും അഷ്‌റഫ് പറഞ്ഞു. കത്രിക കുടുങ്ങിയതിനെ തുടർന്നുണ്ടായ ചികിത്സയ്ക്കും മറ്റുമായി സ്ഥിരമായി പോകേണ്ടി വന്നതോടെ ഹർഷിനയുടെ ഭർത്താവിന്റെ ബിസിനസ് നഷ്ടത്തിലായിരുന്നു.