ലേശം നാണം, പ്രതികള്‍ക്ക് പാര്‍ട്ടിയുമായി നേരിട്ട് ബന്ധം ഉള്ളിടത്തോളം ''സഖാക്കളാണേ അയ്യപ്പാ'' എന്ന വരിയില്‍ തെറ്റ് ആരോപിക്കുവതെങ്ങനെ?; 'പൊലീസിന്റെ നടപടി അങ്ങേയറ്റം തോന്നിയവാസം, ആ എഫ്‌ഐആര്‍ ഉടന്‍ ക്ലോസ് ചെയ്യേണ്ടതാണെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ശ്രീദേവി

പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനം സത്യത്തിൽ വളരെ ക്രിയേറ്റീവ് ആയൊരു വർക്കാണ്. ആ പാരഡി ഗാനത്തിനെതിരെ പോലീസ് കേസെടുത്തത് ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന് പറ്റിയ തെറ്റായിരുന്നെങ്കിൽ അത് തിരുത്തേണ്ട സമയം കഴിഞ്ഞു. സർക്കാരിന്റെ സമ്മതത്തോടെയെ പോലീസ് ഇത്തരത്തിലൊരു കേസ് എടുക്കൂ എന്നേ ഇനി കരുതാനാകൂ.
 
ഭരിക്കുന്നത് ഇടതുമുന്നണി ആണോ BJP ആണോ എന്ന് മനസ്സിലാകാത്ത വിധമുള്ള തോന്നിയവാസങ്ങളാണ് നടക്കുന്നത് എന്ന് പറയാതെ വയ്യ. യോഗി ആദിത്യനാഥിന്റെ നാട്ടിലെ പോലീസ് മാത്രം ചെയ്യാനിടയുള്ള തരം അധികാര ദുർവിനിയോഗവും പ്രീണനവുമാണ് ഈ കേസെടുപ്പ്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന ചൊല്ലിനെ അണ്വർഥമാക്കുന്ന പ്രവർത്തി തികഞ്ഞ അധികാര ദുർവിനിയോഗം.
തെരഞ്ഞെടുപ്പിൽ മതം ദുരുപയോഗിച്ചു എന്ന ആക്ഷേപം ഉണ്ടെങ്കിൽ അത് RP ആക്ടിന്റെ വ്യവസ്ഥ അനുസരിച്ചാണ് ഉന്നയിക്കേണ്ടത്, പൊലീസിന് ഇപ്പോൾ റോളില്ല.
 
ശബരിമലയിൽ നടന്ന തട്ടിപ്പിനെ ഒരു പാരഡി ഗാനത്തിലൂടെ ട്രോളിയാൽ എന്ത് മതസ്പർദ്ധ ഉണ്ടാകുമെന്നാണ്? നിയമപരമായി ഒട്ടുമേ നിൽക്കുന്ന ഒരു കേസല്ല എന്നതോ പോകട്ടെ, പോപ്പുലർ ഭക്തിഗാനത്തിന്റെ ഈണത്തിന് എന്നുമുതലാണ് ദിവ്യപരിവേഷം / പ്രത്യേക നിയമപരിരക്ഷ ഒക്കെ കിട്ടിത്തുടങ്ങിയത്?? പോലീസിന്റെ നടപടി അങ്ങേയറ്റം തോന്നിയവാസമാണ്. ആ FIR ഉടൻ ക്ലോസ് ചെയ്യേണ്ടതാണ്.
സ്വർണ്ണ തട്ടിപ്പ് കേസിൽ പ്രതിയായി പോലീസ് അറസ്റ്റ് ചെയ്ത CPIM നേതാവ് പദ്മകുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് പോലും ചെയ്യാതെ താത്വിക ന്യായീകരണങ്ങൾ ചമച്ച് സമ ജനങ്ങളുടെ യുക്തിബോധത്തെ ചോദ്യം ചെയ്യുന്നു !! ലേശം നാണം !! നേതൃത്വത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാർ തട്ടിപ്പ് കേസിൽ പിടിക്കപ്പെട്ടാൽ കുറ്റപത്രം തെളിയിക്കപ്പെടുന്നതിനു മുൻപ് അവരെ എന്നെന്നേക്കുമായി പുറത്താക്കാത്തത് മനസിലാക്കാം, എന്നാൽ സസ്പെൻഡ് ചെയ്യാതെ സംരക്ഷിക്കുന്നത് എന്ത് തരംതാണ നൈകിതകഥയില്ലായ്മ ആണ് !! ഇതാണോ CPIM ന്റെ ധാർമ്മികബോധം? പ്രതികൾക്ക് പാർട്ടിയുമായി നേരിട്ട് ബന്ധം ഉള്ളിടത്തോളം “സഖാക്കളാണേ അയ്യപ്പാ” എന്ന വരിയിൽ തെറ്റ് ആരോപിക്കുവത്തെങ്ങനെ??
 
ഇനിയും ഇത്തരം പാരഡികൾ എഴുതി വേണം ജനങ്ങൾ ക്രിയേറ്റീവ് ആയി ഇത്തരം സാമൂഹിക തിന്മകളെ ട്രോളാനും പ്രതികരിക്കാനും. കൊള്ളേണ്ടിടത്ത് കൊണ്ടു എന്ന് സാരം. ചികിത്സ വേണ്ടത് കള്ളന്മാർക്കാണ്.