'പാചകപ്രവൃത്തിക്ക് വരുന്ന ദേഹണ്ഡക്കാരും, സഹായികളും ബ്രാഹ്‌മണരായിരിക്കണം'; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്വട്ടേഷന്‍ പരസ്യം റദ്ദാക്കി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പുറത്ത് വിട്ട ക്വട്ടേഷന്‍ പരസ്യം മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ട് റദ്ദാക്കി. പാചക പ്രവൃത്തിക്ക് വരുന്ന ദേഹണ്ഡക്കാരും, സഹായികളും ബ്രാഹ്‌മണരായിരിക്കണം എന്ന വ്യവസ്ഥ വിവാദമായതോടെയാണ് മന്ത്രി ഇടപെട്ടത്.

കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ഉത്സവ പരിപാടികള്‍ നടത്തുന്നതിനാല്‍ ഉത്സവത്തിന്റെ ഭാഗമായ പകര്‍ച്ചയും മറ്റും ഒഴിവാക്കി. അതുകൊണ്ട് പാചകത്തിനായി ദേഹണ്ഡക്കാരെ ക്ഷണിക്കേണ്ടതില്ലെന്നും വെള്ളിയാഴ്ച ചേര്‍ന്ന ദേവസ്വം കമ്മിറ്റി തീരുമാനിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

2022 ലെ ഉത്സവത്തിന് മുന്നോടിയായി ജനുവരി 17നാണ് ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് പുറത്തിറക്കിയത്. ഉത്സവത്തോട് അനുബന്ധിച്ച് പ്രസാദ ഊട്ട്, പകര്‍ച്ച വിതരണം എന്നിവക്കാവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നതിലേക്കായി ദേഹണ്ഡപ്രവര്‍ത്തി, പച്ചക്കറി സാധനങ്ങള്‍ മുറിച്ച് കഷ്ണങ്ങളാക്കല്‍, കലവറയില്‍ നിന്നും സാധനസാമിഗ്രികള്‍ ഊട്ടുപുരയിലേക്ക് എത്തിക്കല്‍, പാകം ചെയ്തവ വിതരണ പന്തലിലേക്കും ബാക്കി വന്നവയും പാത്രങ്ങളും തിരികെ ഊട്ടുപുരയിലേക്ക് എത്തിക്കല്‍, രണ്ട് ഫോര്‍ക്ക് ലിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തല്‍ ഉള്‍പ്പെടെ എല്ലാ പ്രവ്യത്തികള്‍ക്കും കൂടിയാണ് ദേവസ്വം ബോര്‍ഡ് ക്വട്ടേഷന്‍ ക്ഷണിച്ചത്.

Read more

ഇതിനായി മുന്നോട്ട് വച്ചിരിക്കുന്ന 13 നിബന്ധനകളില്‍ ഏഴാമത്തെയാണ് ബ്രാഹ്‌മണര്‍ക്ക് മാത്രം എന്ന നിബന്ധന മുന്നോട്ട് വയ്ക്കുന്നത്. ക്വട്ടേഷന്‍ നോട്ടീസിന്റെ ചിത്രം അടക്കം പങ്ക് വച്ചാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്.