എലപ്പുള്ളി മദ്യനിർമാണ പ്ലാന്റിൽ നിന്നും സർക്കാർ പിന്മാറണം; അനുമതിക്ക് നീക്കം നടത്തിയത് ഒരു വകുപ്പും അറിയാതെയെന്ന് മേശ് ചെന്നിത്തല

എലപ്പുള്ളി മദ്യനിർമാണ പ്ലാന്റ്റ് അനുമതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മദ്യനിർമാണശാലയ്ക്ക് അനുമതി നൽകിയ തീരുമാനത്തിനെതിരെ കോൺഗ്രസ്സ് ഉയർത്തിയ അഴിമതി ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആദ്യം അപേക്ഷ നിരസിച്ച കമ്പനിക്ക് നയം മാറ്റി അനുമതി നൽകിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പ്ലാന്റിന് അനുമതി നൽകിയത് ഡൽഹി മദ്യനയ അഴിമതി കേസിലെ കമ്പനിക്കാണെന്നും ചെന്നിത്തല പറഞ്ഞു. അനുമതിക്ക് പിന്നിൽ അഴിമതി ആണെന്നതിൽ ഉറച്ച് നിൽക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഘടകകക്ഷികളെ സർക്കാർ വിശ്വാസത്തിലെടുത്തില്ലെന്നും ചെന്നിത്തല ചൂണ്ടികാണിച്ചു.

സിപിഐ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ജെഡിഎസും എതിര്‍പ്പ് അറിയിച്ചുകഴിഞ്ഞു. ഘടകകക്ഷികളെ വിശ്വാസത്തിൽ എടുക്കാതെയാണ് മുന്നോട്ട് പോകുന്നത്. നിയമസഭയിൽ തന്‍റെ ചോദ്യത്തിന് മറുപടി പറഞ്ഞത് മുഖ്യമന്ത്രിയാണ്. തിരിച്ച് ആരോപണം ഉന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇക്കാര്യത്തിൽ എക്സൈസ് മന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറി. 2019നുശേഷം ബ്രൂവറി ആരംഭിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. നിയമസഭയിൽ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. ആദ്യം അപേക്ഷ നിരസിച്ച കമ്പനിക്ക് നയം മാറ്റി വീണ്ടും എങ്ങനെ അനുമതി നൽകിയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.