കല്ലിടല്‍ മരവിപ്പിച്ചെന്ന് സര്‍ക്കാര്‍; എന്തിനായിരുന്നു ഈ കോലാഹലമെന്ന് ഹൈക്കോടതി

കെ റെയില്‍ കല്ലിടല്‍ മരവിപ്പിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജിയോടാഗ് സര്‍വെയാണ് നടത്തുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉത്തരവ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.

എന്തിനായിരുന്നു കല്ലിടല്‍ കോലാഹലമെന്ന് കോടതി ചോദിച്ചു. കൊണ്ടുവന്ന കല്ലുകള്‍ എവിടെയാണെന്നും കോടതി ആരാഞ്ഞു. കല്ലിടല്‍ എന്തിനാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്നും ജിയോടാഗ് നേരത്തെ ആകാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു.

കല്ലിടലുമായി ബന്ധപ്പെട്ട വന്‍ പ്രതിഷേധങ്ങള്‍ക്കും കടുത്ത രാഷ്ട്രീയ വിവാദങ്ങള്‍ക്കും സമരക്കാരും പൊലീസുമായുള്ള നിരന്തര സംഘര്‍ഷങ്ങള്‍ക്കും പിന്നാലെ കല്ലിടല്‍ നിര്‍ത്തുന്നതായി കഴിഞ്ഞവാരം സര്‍ക്കാര്‍ അറിയിച്ചിരുന്നു. മഞ്ഞ കുറ്റിയില്‍ കെ റെയില്‍ എന്ന് രേഖപ്പെടുത്തി സില്‍വര്‍ ലൈന്‍ കടന്ന് പോകുന്ന ഇടങ്ങളില്‍ സ്ഥാപിക്കുന്ന രീതി ഇനി ഉണ്ടാകില്ല. പകരം ജിപിഎസ് ഉപയോഗിച്ചോ ജിപിഎസ് സംവിധാനമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ സര്‍വെ നടത്തും.

ജിയോ ടാഗിംഗ് വഴി അതിരടയാളങ്ങള്‍ രേഖപ്പെടുത്തും. കേരള റെയില്‍വെ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് റവന്യു വകുപ്പിന്റെ ഉത്തരവ്. സ്ഥലം ഉടമയുടെ അനുമതിയോടെ കല്ലിടാമെന്നും കെട്ടിടങ്ങള്‍ മതിലുകള്‍ എന്നിവടങ്ങളില്‍ അടയാളം ഇടാമെന്നും നിര്‍ദ്ദേശങ്ങളുയര്‍ന്നിരുന്നെങ്കിലും ഇനി ജിയോ ടാഗിംഗ് മാത്രം മതിയെന്നാണ് റവന്യു വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നത്.