ആര്‍ ബിന്ദുവിനെ ക്രിമിനലെന്ന് വിളിച്ച് ഗവര്‍ണര്‍; എല്ലാവരെയും ക്രിമിനലുകളായി ചിത്രീകരിക്കുന്നത് പതിവാണെന്ന് മന്ത്രി

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ചതിനെ തുടര്‍ന്ന് ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിക്ക് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ ക്രിമിനലുകളോട് പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗവര്‍ണറുടെ പരാമര്‍ശത്തിന് മറുപടി പറഞ്ഞ് വില കളയാന്‍ താത്പര്യമില്ലെന്ന് ആര്‍ ബിന്ദു അറിയിച്ചു. തനിക്ക് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ നിയമാവകാശം ഉണ്ടെന്ന് ആര്‍ ബിന്ദു പറഞ്ഞു. താന്‍ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് കോടതിയെ സമീപിക്കാം. എല്ലാത്തിന്റെയും അധികാരി ആണെന്ന ഭാവമാണ് ഗവര്‍ണര്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു.

എല്ലാവരെയും ക്രിമിനലുകളായി ചിത്രീകരിക്കുന്നത് പതിവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം കേരള സര്‍വകലാശാല സെനറ്റിലെ 11 അംഗങ്ങള്‍ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വൈസ് ചാന്‍സലറെ തടസപ്പെടുത്തി സെനറ്റിനെ അഭിസംബോധന ചെയ്‌തെന്നാണ് മന്ത്രിക്കെതിരെയുള്ള പരാതി.