തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പെട്രോള്‍ പമ്പ് ജീവനക്കാരനെ യുവാക്കള്‍ വെട്ടി

തിരുവനന്തപുരം വിഴിഞ്ഞത്തെ പെട്രോള്‍പമ്പില്‍ ആക്രമണം. വെട്ടു കത്തിയുമായി എത്തിയ യുവാക്കള്‍ പെട്രോള്‍പമ്പിലെ ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പിച്ചു. ഇന്നലെ രാത്രി 11:30നായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി വിഴിഞ്ഞം ജംഗ്ഷന് അടുത്തുള്ള പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ ബൈക്കില്‍ യുവാക്കളാണ് ജീവനക്കാരനെ വെട്ടിയത്. ഇവരില്‍ ഒരാള്‍ ഫോണില്‍ സംസാരിക്കുന്നത് കണ്ട ജീവനക്കാരന്‍, പെട്രോള്‍ പമ്പില്‍ വെച്ച് ഫോണില്‍ സംസാരിക്കുന്നത് അപകടത്തിനിടയാക്കുമെന്ന് പറഞ്ഞു. ഇതേ തുടര്‍ന്ന് ജീവനക്കാരനുമായി വാക്കേറ്റമുണ്ടായി.

Read more

തര്‍ക്കത്തിന് ശേഷം അവിടെ നിന്ന് പോയ യുവാക്കള്‍ വെട്ടുകത്തിയുമായി തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. പമ്പില്‍ അപ്പോൾ രണ്ടു പേരാണ് ഉണ്ടായിരുന്നത്. യുവാക്കള്‍ ജീവനക്കാരനെ വെട്ടുമ്പോള്‍ പമ്പില്‍ ഉണ്ടായിരുന്നു മറ്റൊരു ജീവനക്കാരന്‍ തടയാന്‍ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി പെട്രോള്‍ പമ്പ് ജീവനക്കാര്‍ പറയുന്നു. ഗുരുതരമായ പരിക്കേറ്റ ജീവനക്കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.