എറണാകുളം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ റാഗിങ്ങിന് ഇരയായി ആത്മഹത്യാ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ ഗ്ലോബൽ പബ്ലിക് സ്കൂൾ ഉയർത്തിയ വാദം തെറ്റ്. മിഹിറിനെ പുറത്താക്കിയതല്ലെന്ന് ജെംസ് അക്കാദമി അറിയിച്ചു. പിന്നാലെ ജെംസ് അക്കാദമിയുടെ സത്യസന്ധതയ്ക്ക് നന്ദി അറിയിച്ച് അമ്മ രജ്‌ന രംഗത്തെത്തി.
മിഹിർ മുൻപ് പഠിച്ച സ്കൂൾ ആയ ജെംസ് അക്കാദമിയിൽ നിന്നും പുറത്താക്കിയതെന്നായിരുന്നു ഇക്കഴിഞ്ഞ ദിവസം ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നത്. സ്കൂളിലെ പെൺകുട്ടിയെ ഉപദ്രവിച്ചതിന് ടി സി നൽകിയിരുന്നുവെന്നും കൂട്ടുകാരുമായി ചേർന്ന് ഒരാളെ മർദ്ദിക്കുകയും ചെയ്തുവെന്നും ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ പറഞ്ഞിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ ഉന്നയിച്ച പരാതിയിൽ തെളിവുകൾ ഇല്ലെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.
മിഹിർ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് വാർത്താകുറിപ്പിൽ പറയുന്നത്. റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ലെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഈ ആരോപണങ്ങൾക്കെതിരെയാണ് ഇപ്പോൾ ജെംസ് അക്കാദമിയുടെ വെളിപ്പെടുത്തൽ. മിഹിറിനെ സ്‌കൂളിൽ നിന്നും പുറത്താക്കിയതല്ലെന്നാണ് ജെംസ് സ്‌കൂളിന്റെ പ്രസ്താവന.
പിന്നാലെ മിഹിറിന്റെ പഴയ സ്‌കൂളിന് നന്ദി അറിയിച്ച് അമ്മ രജ്‌ന രംഗത്തെത്തി. മിഹിറിനെ സ്‌കൂള്‍ പുറത്താക്കിയതല്ലെന്ന ജെംസ് സ്‌കൂളിന്റെ പ്രസ്താവനയ്ക്കാണ് രജ്‌ന നന്ദി അറിയിച്ച് രംഗത്തെത്തിയത്. സ്‌കൂളിന്റെ സത്യസന്ധമായ പ്രതികരണത്തെ അഭിനന്ദിക്കുന്നുവെന്നും അമ്മ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ജെംസ് സ്‌കൂളിന്റെ പ്രസ്താവനയും ഉള്‍പ്പെടുത്തിയാണ് രജ്‌ന നന്ദി കുറിപ്പ് പങ്കുവെച്ചത്.
View this post on Instagram
‘മിഹിറിന്റെ സ്‌കൂള്‍ സമയത്തെ കുറിച്ച് മാന്യമായ വ്യക്തത നല്‍കിയതിന് കൊച്ചിയിലെ ജെംസ് മോഡേണ്‍ അക്കാദമിയോട് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നിന്നുള്ള വേദനാജനകവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകളില്‍ നിന്ന് വ്യത്യസ്തമായി, മിഹിറിനെ ഒരിക്കലും പുറത്താക്കിയിട്ടില്ലെന്നും സ്‌കൂളിലെ വിലപ്പെട്ട അംഗമായിരുന്നുവെന്നും അംഗീകരിച്ചുകൊണ്ട് ജെംസ് സ്‌കൂള്‍ സത്യസന്ധതയും സഹാനുഭൂതിയും പ്രകടിപ്പിച്ചു. നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാന്‍ സ്വീകരിച്ച ഈ നടപടിയെ ഞാന്‍ അഭിനന്ദിക്കുന്നു, എന്നാണ് രജ്‌ന കുറിച്ചിരിക്കുന്നത്.







