കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ ചാടിപ്പോയ സംഭവത്തില്‍ ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ വനിത ശിശു വികസന വകുപ്പിന്റെ നടപടി. ഹോം സൂപ്രണ്ടായ സല്‍മയെ സ്ഥലം മാറ്റി. സംഭവത്തിന് പിന്നാലെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ബുനാഴ്ചയാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പൊലീസ് രണ്ട് പേരെ ബെംഗളൂരുവില്‍ നിന്നും നാല് പേരെ മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതി ഫെബിന്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഉടനെ തന്നെ പിടികൂടിയിരുന്നു.
അതേസമയം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തിരുന്നു. എ.എസ്.ഐ സജി, സി.പി.ഒ ദിലീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയതായി സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസില്‍ ബാലാവകാശ കമ്മീഷന്‍ പെണ്‍കുട്ടികളില്‍ നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസിന് മുന്‍പാകെ ഹാജരാക്കി പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ബാലമന്ദിരത്തിലെ മോശം സാഹചര്യമൂലമാണ് പുറത്തുകടക്കാന്‍ ശ്രമിച്ചത് എന്ന് കുട്ടികള്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു.
Read more
പെണ്‍കുട്ടികളില്‍ ഒരാളെ കഴിഞ്ഞ ദിവസം അമ്മയ്ക്കൊപ്പം വിട്ടു. തന്റെ മകളെ വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് അമ്മ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ക്കും സി.ഡബ്ലൂ.സിക്കും പൊലീസിനും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സി.ഡബ്ല്യു.സി തീരുമാനം എടുത്തത്. അതേ സമയം ബാക്കി അഞ്ച് പെണ്‍കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം അയക്കുന്ന കാര്യത്തിലും സി.ഡബ്ല്യു.സി ഉടന്‍ തീരുമാനമെടുക്കും.







