പേരാമ്പ്രയിലെ പതിന്നാലുകാരിയുടെ മരണകാരണം ഷിഗെല്ല ബാക്ടീരിയയല്ലെന്ന്  പ്രാഥമിക പരിശോധനാഫലം

പേരാമ്പ്രയില്‍ പതിനാല് വയസുകാരിയുടെ മരണം ഷിഗെല്ല ബാക്ടീരിയ മൂലമല്ലെന്ന് പ്രാഥമിക പരിശോധനാഫലം. ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ കൂടെയുണ്ടായിരുന്ന  ബന്ധുക്കള്‍ക്കും ഷിഗെല്ലയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരാഴ്ച മുമ്പാണ് പേരാമ്പ്ര ആവടുക്ക സ്വദേശി സനൂഷ പനിയും വയറിളക്കവും ഛര്‍ദ്ദിയും കാരണം മരിച്ചത്. കുട്ടിയുടെ സഹോദരിക്കും അമ്മയുടെ അച്ഛനും സമാന രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു. ഇതോടെയാണ് ഇവരുടെ ശരീരത്തിലെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചത്. സനൂഷയുടെ സ്രവങ്ങള്‍ പരിശോധിച്ചതില്‍ ഷിഗെല്ല ബാക്ടീരിയയില്ലെന്നാണ് പ്രാഥമിക ഫലം. എന്നാല്‍ ആന്തരിക അവയങ്ങളുടെ പരിശോധനാ ഫലം ലഭിക്കും വരെ ജില്ലയില്‍ ജാഗ്രത തുടരാനാണ് ആരോഗ്യ വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ബന്ധുക്കള്‍ക്കും ഷിഗെല്ലയില്ലെന്ന് വ്യക്തമായിട്ടണ്ട്്. രോഗം ഭേദമായ ഇവര്‍ ഉടനെ ആശുപത്രി വിടും. പ്രളയ ശേഷം കുടിവെള്ളം മലിനമായതാണ് അസുഖത്തിന് കാരണമെന്ന സംശയവും ആരോഗ്യ വകുപ്പിനുണ്ട്. കുടിവെള്ളം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് കിട്ടിയാലേ ഇക്കാര്യം വ്യക്തമാകുകയുള്ളു.